തിരുക്കുറള്‍ – ഈശ്വരസ്തുതി

ശ്രീ നാരായണ ഗുരുദേവന്‍ ‘ ശിവശതകം ‘ എന്ന  കൃതിയിലൂടെ തിരുക്കുറളിന്റെ  സ്രഷ്ടാവായ തിരുവള്ളുവരെ പുകഴ്ത്തുന്നത് സരസ്വതി ദേവി തന്നെ വള്ളുവരുടെ നാവില്‍ പരംപോരുള്‍ പകര്‍ന്നു കൊടുത്തു എന്നാണ്  .  രണ്ടായിരം വര്‍ഷങ്ങള്‍ മുന്‍പ് ജീവിച്ചിരുന്ന വള്ളുവര്‍ നാല് വേദങ്ങളുടെയും പൊരുള്‍ തിരുക്കരളില്‍ ആവാഹിച്ചു വച്ചിരിക്കുന്നു. തമിഴ് വേദമായ തിരുക്കുറള്‍ ഗുരുവിനെ അത്രയധികം സ്വാധീനിച്ചിരുന്നു എന്ന് തിരുക്കുറളിന്റെ ഈ മലയാളം പരിഭാഷയിലൂടെ വ്യക്തമാണ്.


അധ്യായം 1

ഈശ്വരസ്തുതി


കുറള്‍ 1

അകാരമാമെഴുത്താദിയാകുമെല്ലായെഴുത്തിനും

ലോകത്തിന്നേകനാമാദി ഭഗവാനാദിയായിടും.


സാരം –  ‘ അ ‘ എന്ന അക്ഷരം  അക്ഷരങ്ങളില്‍   ആദ്യത്തെതാണ് , എല്ലാ ഭാഷകളുടെയും തുടക്കം ‘ അ ‘ എന്ന മൂലസ്വരം ആണ് .   അതുപോലെ തന്നെ ഏകനാമമായ ഭഗവാന്‍ പ്രപഞ്ചത്തിന്റെ തുടക്കമാകുന്നു, അഥവാ സൃഷ്ടാവും മൂലകാരണവും ആകുന്നു.


കുറള്‍ 2

സത്യമാമറിവാര്‍ന്നുള്ള  ശുദ്ധരൂപന്റെ സത്പദം

തൊഴായ്കില്‍ വിദ്യകൊണ്ടെന്നിങ്ങുളവാകും പ്രയോജനം ?


പ്രപഞ്ച സത്യം അറിയാവുന്ന സര്‍വ്വ ജ്ഞാനിയായ സത്യ സ്വരൂപത്തെ  വണങ്ങാതിരുന്നാല്‍  നാം ആര്‍ജ്ജിച്ച തുച്ഛമായ   അറിവ് കൊണ്ട് എന്താണ് പ്രയോജനം ?


കുറള്‍ 3

മനമാം മലരേവെല്ലുന്നവന്റെ വലുതാം പദം

തൊഴുന്നവന്‍ സുഖം നീണാള്‍ മുഴുവന്‍ വാഴുമുഴിയില്‍ .


മനസ്സാകുന്ന പുഷ്പത്തെ തന്റെ വരുതിയില്‍ നിര്‍ത്തിയിരിക്കുന്ന ഒരുവന്റെ കാലടി പിന്തുടരുന്നവര്‍ ഭൂമിയില്‍ സുഖത്തോടെ നീണ്ടകാലം വാഴും. വളരെ ലോലമായ മനസ്സാണ് മനുഷ്യന്റെത്‌ , മനസ്സിന്റെ  വികാര വിചാരങ്ങളെ  വരുതിയില്‍ ആക്കി നല്ലവയെ ജീവനിലേക്കു കടത്തിവിടുന്നവര്‍ക്ക് മാത്രമേ ജീവിത വിജയം കൈവരിക്കാന്‍ കഴിയൂ എന്നാണ് സാരം.


കുറള്‍ 4

ആശിക്കുക വെറുത്തീടുകെന്നതില്ലാത്തവന്റെ കാല്‍

അണഞ്ഞീടിലവര്‍ക്കേതുമല്ലലില്ലൊരു കാലവും .


മഹത്തായ ഈ വരികളില്‍ മറ്റൊരു ഈശ്വര ഭാവം പറയുന്നു . നിഷ്കാമം അല്ലെങ്കില്‍ ഒന്നിനോടും ആശയോ വെറുപ്പോ തോന്നാതിരിക്കുക , ആശയും വെറുപ്പും ആണ് മനുഷ്യന്റെ ബലഹീനതകള്‍ , അതുകൊണ്ട് ഇവ ഇല്ലാത്തവന്റെ പാദത്തെ ശരണം പ്രാപിച്ചാല്‍ ഒരിക്കലും ദുഖം അനുഭവിക്കേണ്ടി വരില്ല.


കുറള്‍ 5

ഈശന്റെ വലുതാം കീര്‍ത്തി വാഴ്ത്തുന്നവരിലെന്നുമേ

ഇരുളാലണയും രണ്ടുവിനയും വന്നണഞ്ഞിടാ.


ഈശ്വരന്റെ ഉന്നതമായ ചൈതന്യത്തെ അറിഞ്ഞു സ്തുതിക്കുന്നവരില്‍ ഇരുട്ടാകുന്ന അജ്ഞാനം മൂലമുണ്ടാകുന്ന രാഗ ദ്വേഷങ്ങള്‍ ഒരിക്കലും വന്നു ചേരില്ല .


കുറള്‍ 6

വാതിലഞ്ചും വെന്നവന്റെ നീതിയും നേരുമായിടും

വഴിയില്‍ പറ്റി നിന്നീടില്‍  വാഴുന്നു നെടുനാളവന്‍.


 

ഈശ്വര ചൈതന്യം നിറഞ്ഞ ആത്മാവിനെ മറയ്ക്കുന്നത് ഇന്ദ്രിയ വിഷയങ്ങള്‍ ആണ് . കണ്ണ് , മൂക്ക്, ത്വക്ക്, നാക്ക്, ചെവി തുടങ്ങിയ അഞ്ചു ഇന്ദ്രിയങ്ങളാല്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന വിഷയങ്ങള്‍ ആണ് രൂപം, ഗന്ധം, സ്പര്‍ശം, രസം, ശബ്ദം . അമിതമായി ഇന്ദ്രിയ വിഷയങ്ങളില്‍ അടിമകളാകുന്നവര്‍ക്ക് ആത്മ ചൈതന്യം ഉണ്ടാവില്ല . അതുകൊണ്ട് ഇന്ദ്രിയങ്ങളെ കീഴ്പെടുത്തിയവന്റെ കാപട്യം ഇല്ലാത്തതായ മാര്‍ഗത്തില്‍ ചേര്‍ന്ന് സഞ്ചരിച്ചാല്‍ അവന്‍ ദീര്‍ഘ കാലം വാഴും.


കുറള്‍ 7

ഉപമിപ്പാനൊന്നുമില്ലാത്തവന്റെ  ചരണങ്ങളില്‍

ചേര്‍ന്നവര്‍ക്കെന്നിയരുതിച്ചേതോദു:ഖമകറ്റുവാന്‍.


 

യാതൊന്നും ഉപമിച്ചു പറയുവാനില്ലാത്ത ഈശ്വരന്റെ കാലടികളില്‍ ശരണം പ്രാപിച്ചവര്‍ക്കല്ലാതെ മനോദു:ഖമകറ്റുവാന്‍ സാധിക്കില്ല .


കുറള്‍ 8

ധര്‍മ്മസാഗരപാദത്തില്‍ ചേര്‍ന്നണഞ്ഞവരെന്നിയെ

കര്‍മ്മകടലില്‍നിന്നങ്ങു കരേറുന്നില്ലൊരുത്തരും . 


  ഈ കൂറളില്‍ ഈശ്വരനെ ധര്‍മ സാഗരമായി കാണുന്നു. ആ ധര്‍മ സാഗരത്തിന്റെ പാദത്തില്‍ ശരണം പ്രാപിച്ചവര്‍ക്കല്ലാതെ കര്‍മ്മത്തിന്റെ സമുദ്രത്തില്‍ നിന്നും കര കേറാന്‍ സാധിക്കില്ല.

 


കൂരള്‍ 9

 

ഗുണമെട്ടുള്ള തന്‍പാദം പണിയാമൌലിയേതുമേ

ഗുണമില്ലാത്തതാം ജ്ഞാനഗുണഹീനക്ഷമെന്നപോല്‍ 


കൂരള്‍ 10

 

ഈശന്‍പദത്തില്‍ ചേരായ്കില്‍ കടക്കുന്നില്ല,

ചേര്‍ന്നീടില്‍ കടന്നീടുന്നു ജനനപെരുങ്കടലില്‍ നിന്നവര്‍ 

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *