ഗുരുദേവ നിയോഗം

a-g-thankappanപ്രിയ ഏ.ജി സാറിന് ഇത് ഗുരുദേവ നിയോഗം …

കഴിഞ്ഞ നാല് പതിറ്റാണ്ടായി എസ്. എൻ. ഡി. പി യോഗം കോട്ടയം യൂണിയന്റെ സാരഥ്യം വഹിച്ചുകൊണ്ട് ഗുരുദേവനെയും, യോഗത്തെയും നിസ്വാർത്ഥം സേവിച്ച് യൂണിയനെ അഭിവൃദ്ധിയുടെ നെറുകയിൽ എത്തിച്ചുകൊണ്ട് എസ്. എൻ. ഡി. പി യോഗത്തിന്റെ ശക്തി കേന്ദ്രമാക്കി മാറ്റിയ ശ്രീ. ഏ. ജി തങ്കപ്പനെ യോഗത്തിന്റെ പുതിയ രാഷ്ട്രീയ നയരൂപീകരണത്തിന്റെ ഭാഗമായുള്ള കേരളയാത്രയുടെ കോർഡിനേഷൻ കമ്മിറ്റി ജനറൽ കണ്‍വീനർ ആയി ബഹുമാന്യനായ യോഗം ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശൻ തെരഞ്ഞെടുത്തപ്പോൾ യോഗം പ്രവർത്തകർ സ്നേഹപൂർവ്വം “ഏ. ജി ” എന്നുവിളിക്കുന്ന ശ്രീ. ഏ. ജി തങ്കപ്പന് അത് കാലം കാത്തു വച്ച നിയോഗമാവുന്നു.

ag-thankappan-sndp-yogamയോഗത്തിന്റെ വളർച്ച മുരടിച്ചു നിന്ന ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ അവസാന കാലത്താണ് അദ്ദേഹം കോട്ടയം യുണിയൻ സെക്രട്ടറി ആകുന്നത്. അന്ന് തിരുനക്കര ബസ്‌ സ്റ്റാന്റിൽ ഊട്ടി ലോഡ്ജിലെ വാടക മുറിയിൽ പ്രവർത്തിച്ചിരുന്ന യൂണിയനെ അന്നത്തെ യൂണിയൻ പ്രസിഡന്റ്‌ ആയിരുന്ന യശ:ശരീരനായ ശ്രീ. പി. ജി രാധാകൃഷ്ണൻ എന്ന ‘മണിച്ചേട്ടനു’മായി ചേർന്ന് നീണ്ട രണ്ടു പതിറ്റാണ്ടോളം കഠിന അദ്ധ്വാനം ചെയ്തു പൊരുതി നേടിയതൊക്കെയാണ് ഇന്ന് കോട്ടയം യൂണിയനെ നൂറ് കോടിയോളം രൂപയുടെ ആസ്തിയുള്ള ഈഴവരുടെ ശക്തി കേന്ദ്രമാക്കി മാറ്റിയത് . കോട്ടയത്തെ യൂണിയൻ അംഗങ്ങളും, യോഗം നേതൃത്വവും നിസ്സീമമായ സ്നേഹം നല്കികൊണ്ട് അദ്ധേഹം നേതൃത്വം നല്കുന്ന പ്രവർത്തനങ്ങൾക്ക് താങ്ങായി ഊർജ്ജം പകർന്നു നിലകൊള്ളുന്നതാണ് ആ ത്യാഗോജ്ജ്വലമായ കർമ്മ പരിപാടികൾ വിജയത്തിലെത്തിച്ചു കൊണ്ടിരിക്കുന്നത്. ഈ നേട്ടങ്ങൾക്കിടയിലും ഗുരുദേവന്റെയും, യോഗത്തിന്റെയും  വിനീത വിധേയനായ വെറുമൊരു പ്രവർത്തകൻ എന്നതിൽ കവിഞ്ഞൊരു ഭാവം അദ്ദേഹത്തിന് ഉണ്ടായിട്ടില്ല.

a-g-thankappan-vellappally-gisatഈഴവ സമുദായം ഒന്നാകെ കേരളത്തിലെ പൊതുസമൂഹത്തിനു മുൻപിൽ   അപമാനിതമായ സംഭവമാണ്  ബഹുമാന്യനായ ഏ. കെ ആന്റണി “ഈഴവർക്ക് നേതാവുണ്ടോയെന്ന്” ശിവഗിരിയിലെ പോലീസ് അതിക്രമ സംഭവങ്ങളുമായി ബന്ധപെട്ട്  ചോദിച്ചത്.  ഇതേ തുടർന്ന് ബഹുമാന്യനായ ശ്രീ.വെള്ളാപ്പള്ളി നടേശൻ യോഗം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

എസ്. എൻ. ഡി. പി യോഗത്തിൽ മാറ്റതിന്റെ കൊടുങ്കാറ്റ് വിതച്ച്, യോഗത്തിന്റെ വളർച്ച അതിർത്തികൾ കടത്തി ഈഴവന്റെ അഭിമാനത്തിന് ദിഗ്വിജയം നേടിത്തന്ന ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശന്റെ നിസ്തുലമായ സ്നേഹത്തിന് പാത്രമായതും ഏ.ജിയ്ക്ക് കോട്ടയം യൂണിയന് വേണ്ടി നേട്ടങ്ങൾ കൊയ്യാൻ പ്രധാന കാരണഹേതുവായി. അതോടൊപ്പം യൂണിയൻറെ എല്ലാ പുതിയ സംരംഭങ്ങൾക്കും യോഗം വൈസ്-പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി അടക്കമുള്ളവരുടെ ഭാഗത്തുനിന്നുള്ള മാർഗ്ഗനിർദേശങ്ങളും, സഹായവും ആവോളം ലഭിച്ചു കൊണ്ടിരിക്കുന്നു. ഒരുപാട് തവണകളിൽ യോഗം നേതൃനിരയിലേക്ക് ജനറൽ സെക്രട്ടറി ക്ഷണിച്ചപ്പോളൊക്കെ കോട്ടയം യൂണിയനെ അഭിവൃദ്ധിപ്പെടുത്തുവാനുള്ള പുതിയ കർമ്മ പരിപാടികളിലേക്ക് അദ്ദേഹം മുഴുകുകയായിരുന്നു. എന്നിരുന്നാലും യോഗത്തിന്റെ പല സുപ്രധാന ചർച്ചകളിലും അദ്ധേഹത്തിന്റെ സജീവ സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട് .

ag-thankappan-thiruvanchoor-radhakrishnanസ്വസമുദായത്തെ ഉന്നതിയിലേക്ക് നയിക്കുമ്പോൾ എടുക്കേണ്ടി വന്ന തീരുമാനങ്ങൾ പലതിലും അതൃപ്തി പൂണ്ട വിവിധ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ള  എതിർകക്ഷികളിൽ നിന്നും കടുത്ത അതൃപ്തിയും, ജീവന് തന്നെ ഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ട്. ഈ ഘട്ടങ്ങളിൽ ഒക്കെ അദ്ധേഹത്തിന്റെ കൂടെ നിന്ന് പ്രായഭേദമന്യേ പൊരുതുന്ന സഹപ്രവർത്തകർ വളരെ ചുരുക്കം പേർക്ക് കിട്ടുന്ന സുകൃതമാണ്.

ഗുരുദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ്‌ ടെക്നോളജി (GISAT) എന്ന പുതുപ്പള്ളിയിലെ എഞ്ചിനീയറിംഗ് കോളേജ്, കുമരകത്ത് ശ്രീനാരായണ ആർട്സ് ആൻഡ്‌ സയൻസ് എയിഡഡ് കോളേജ് , ചാന്നാനിക്കാട് പി. ജി രാധാകൃഷ്ണൻ മെമ്മോറിയൽ ശ്രീനാരായണ ആർട്സ് & സയൻസ് കോളേജ് , ശ്രീനാരായണ പബ്ലിക്‌ സ്കൂൾ (സി. ബി. എസ് .സി സിലബസ് ), യോഗത്തിന്റെ നേതൃത്വത്തിൽ ഗാംബിറ്റ് സിവിൽ സർവീസ് അക്കാദമി, കോട്ടയം നഗരത്തിന്റെ ഹൃദയ ഭാഗത്ത് നിലകൊള്ളുന്ന നാലുനില പ്ലാറ്റിനും ജൂബിലി ഓഫീസ് മന്ദിരം എന്നിങ്ങനെ നീളുന്നു ഇദ്ദേഹത്തിന്റെ സാരഥ്യത്തിൽ കോട്ടയം എസ്. എൻ. ഡി. പി യൂണിയൻ കൈവരിച്ച നേട്ടങ്ങൾ.

ag-thankappan-sndp-yogam-keralaഒപ്പം യൂണിയന്റെ ആദ്ധ്യാല്മിക തലസ്ഥാനമായ നാഗമ്പടം ക്ഷേത്രത്തെ അഭിവൃദ്ധിപെടുത്താനും ശ്രമിച്ചു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠ, ഐശ്വര്യ പൂർണ്ണമായ ഗുരുദേവ ക്ഷേത്രം എന്നിവ ഈ കാലയളവിൽ നിർമ്മിച്ചു, ഒപ്പം ക്ഷേത്രത്തോട് ചേർന്ന് മീനച്ചിൽ ആറിനു സമീപം രണ്ടു ഏക്കറോളം ഭൂമി ഗവണ്‍മെന്റിൽ നിന്നും മേടിച്ചെടുക്കുവാനും സാധിച്ചു. അതിൽ ബൃഹത്തായ ഒരു ഓഡിറ്റോറിയ സമുച്ചയം പണിയുവാനുള്ള ആലോചനകളും നടന്നു വരുന്നു.

കോട്ടയത്തെ പൊതു തെരഞ്ഞെടുപ്പുകളിൽ നിർണ്ണായക ശക്തിയായി മാറാനും യൂണിയന് സാധിച്ചു. 2001 ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ശ്രീമതി. മേഴ്സി രവിയെ വിജയിപ്പിച്ചത് കോട്ടയം എസ്. എൻ. ഡി. പി യൂണിയന്റെ തുറന്ന പിന്തുണയാണ്‌.  കോട്ടയം നാഗമ്പടം കേന്ദ്രീകരിച്ചു നടന്ന ക്രിസ്തീയ മതപരിവർത്തന കൂട്ടായ്മക്കെതിരെ യൂണിയൻ നടത്തിയ തീവ്രസമര പരിപാടികൾ വിജയിച്ചത് ജാതിമത ഭേദമന്യേ കേരള പൊതുസമൂഹം സ്വാഗതം ചെയ്തതാണ്.

നൂറ്റിരണ്ട് ശാഖകളും,  നാല്പത്തി അയ്യായിരത്തോളം കുടുംബങ്ങളും ഉൾകൊള്ളുന്ന ബ്രുഹത്തായ യൂണിയന്റെ കർമ്മ പരിപാടികൾക്കൊപ്പം, യോഗം കാലാകാലങ്ങളിൽ ഏല്പിച്ച ചുമതലകളും അദ്ദേഹം ഭംഗിയായി നിറവേറ്റി എന്നതിന് കിട്ടിയ അംഗീകാരമാണ് ഇപ്പോൾ യോഗനേതൃത്വം ചുമതല ഏല്പിച്ച കേരളയാത്രയുടെ ജനറൽ കണ്‍വീനർ എന്ന പുതിയ കർമ്മ സ്ഥാനം. മുൻപ് ട്രേഡ് യൂണിയൻ രംഗത്ത് യോഗം പരീക്ഷണം നടത്തിയപ്പോഴും ചുക്കാൻ പിടിക്കാൻ നിയോഗിച്ചത് ഏ.ജി തങ്കപ്പനെ ആയിരുന്നു.

a-g-thankappan-saigan-swamikalവളരെ കാലങ്ങളായി യോഗം നേതാക്കളും, പ്രവർത്തകരും കൂട്ടിയും കിഴിച്ചും, വാദങ്ങളും പ്രതിവാദങ്ങളും നടത്തിയ ഒരു വിഷയമാണ് എസ്. എൻ. ഡി. പി യോഗത്തിന്റെ രാഷ്ട്രീയ പ്രവേശം. 20-9-15 ന് ശ്രീ. വെള്ളാപ്പള്ളി നടേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കണമെന്ന് ആവശ്യമുയര്‍ന്നത്. യോഗത്തിലെ 27 ലക്ഷം സ്ഥിരാംഗങ്ങളുടെ പ്രതിനിധികളായി എത്തിയ 138 യൂണിയനുകളിലെ ഭാരവാഹികൾ, പോഷക സംഘടനകളുടെ ഭാരവാഹികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. രഹസ്യബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിലാണ് ഭൂരിപക്ഷ അംഗങ്ങളും പാര്‍ട്ടിക്ക് വേണ്ടി അനുകൂലമായി വോട്ട് ചെയ്തത്. നാലുപേര്‍ മാത്രമാണ് എതിര്‍ത്തത്.

തന്ത്രപ്രധാനമായ രാഷ്ട്രീയ നയരൂപീകരണ വേളയിൽ ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശനും, മറ്റു യോഗം യൂണിയൻ നേതാക്കളും വളരെ പ്രമുഖമായ ഒരു സ്ഥാനത്തേക്ക് ശ്രീ. ഏ. ജി തങ്കപ്പനെ നിയോഗിക്കുമ്പോൾ അതിനെ യോഗാംഗങ്ങളുടെ മനസ്സറിഞ്ഞ, അനുഭവജ്ഞാനം ഉള്ള ഒരു നിസ്വാർത്ഥ പ്രവർത്തകന് യോഗ നേതൃത്വത്തിൽ നിന്നും ലഭിച്ച ഒരു വലിയ അംഗീകാരമായി നമ്മുക്ക്  കാണാം.

a-g-thankappan-vellappally-vattackan-ktm

ഗുരുദേവ നിയോഗത്താൽ യോഗനേതൃത്വം ഏല്പിച്ച ഈ കർമ്മം അതിന്റെ പൂർണ്ണതയിൽ ഏറ്റവും ഭംഗിയായി എത്തിക്കാൻ ഏ. ജി സാറിന് ആവട്ടെ എന്ന പ്രാർത്ഥന ഗുരുദേവ പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്നു.

……..ജയ് എസ്. എൻ. ഡി. പി യോഗം……

സുരേഷ് വട്ടക്കൽ

ജോയിന്റ് സെക്രട്ടറി,

എസ്. എൻ. ഡി. പി യോഗം യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി .


 

 

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in