A New Project for Maruthwamala

മരുത്വാമല – ശിവഗിരി മഠം കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഗുരുദേവ ഭക്തർ എത്തുന്ന ഒരു തീർഥാടന സ്ഥലമായി മരുത്വാമല മാറി കഴിഞ്ഞിരിക്കുന്നു . പക്ഷെ തമിൾനാട്ടിൽ ആയതുകൊണ്ടാവാം തദേശീയരുടെ ഇടയിൽ മരുത്വാമലയ്ക്ക്  പ്രാമുഖ്യം കുറവാണ്. അതുകൊണ്ട്  തന്നെ തീർഥാടകർക്കു സൗകര്യങ്ങൾ വളരെ കുറവാണ് ഈ പ്രദേശത്ത് . എന്തിനേറെ ഹൈവെയിൽ നിന്നും മരുത്വാമലയിലേക്കുള്ള ദിശാബോർഡ്  പോലും മുൻ പരിചയം ഇല്ലാത്തവർക്ക്  കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ് . ഈ സാഹചര്യത്തിൽ ശ്രീ സജീവ്‌ കൃഷ്ണൻ കേരള കൌമുദിയിൽ എഴുതിയ ലേഖനം ഏറെ പ്രാധാന്യം ഉള്ളതാണ് . എഴു നിലകളുള്ള ആ മഹാ സൗധത്തിനായുള്ള ശ്രമം ഇന്ന് (2015, ജൂണ്‍ 22) ആരംഭിക്കുമ്പോൾ എല്ലാ ഗുരുദേവ വിശ്വാസികളും ഹൃദയത്തിൽ ഏറ്റെടുക്കണമെന്ന്  അപേക്ഷിച്ച് കൊള്ളുന്നു.

‘മുടങ്ങാതെ പണിനടന്നാൽ പത്തുവർഷത്തെ ശ്രമംകൊണ്ട് തീർക്കാനാവും ഈ ക്ഷേത്രസമുച്ചയം. 96000 ചതുരശ്ര അടി വിസ്തൃതി. ഏഴു നിലകളിൽ 131 അടി ഉയരം വരും. മദ്ധ്യത്തിൽ ഗുരുമന്ദിരം. യോഗ, ധ്യാന പഠനത്തിനുള്ള വിശാലതയാണ് ഒരു നില മുഴുവൻ. ഗുരുദേവചരിതം വരും തലമുറയ്ക്ക് പകർന്നു നൽകുന്ന ആധുനിക ഡിജിറ്റൽ ലൈബ്രറികൾ, പഠനശാല, വിദേശത്തുനിന്നുപോലും വിദ്യാർത്ഥികൾക്ക് വന്ന് പഠന ഗവേഷണങ്ങളിൽ ഏർപ്പെടാവുന്ന ക്ലാസ് മുറികൾ, നൂറുകണക്കിനാളുകൾക്കുള്ള താമസസൗകര്യം, ഗുരുദേവമ്യൂസിയം, ഗുരുകൃതികൾ പഠിക്കാനും പഠിപ്പിക്കാനും ഗവേഷണം നടത്താനുള്ള ഇടം, ഗുരുദർശനത്തിലേക്ക് ആധുനിക തലമുറയെ ആകർഷിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്നിങ്ങനെ വിപലമായ സംവിധാനങ്ങളാണ് ഓരോ നിലകളിലും ഒരുക്കുന്നത്. ആറര ഏക്കർ വിസ്തൃതിയിൽ അതങ്ങനെ നിറഞ്ഞു നില്ക്കും. 42 കോടി രൂപയാണ് ചെലവ് വരിക. അതിനാൽ ലോകമാകമാനമുള്ള സജ്ജനങ്ങൾ സഹകരിക്കേണ്ടിവരും. അതൊക്കെ ഭഗവാന്റെ നിശ്ചയം. അതിനായി ഗുരുപ്രീതിയുണ്ടാക്കാൻ അടുത്ത ജനുവരിയിൽ ചതയ ദിനത്തെ മരുത്വാമല കേന്ദ്രീകരിച്ച് ഒരുവർഷം നീണ്ടുനില്ക്കുന്ന പ്രാർത്ഥനാ യജ്ഞത്തിന് തുടക്കമിടുകയാണ്. അതിന്റെ പരിസമാപ്തിയിലാണ് ക്ഷേത്രസമുച്ചയത്തിന് കല്ലിടൽ.” വിശുദ്ധാനന്ദസ്വാമി.


മരുത്വാമല ചിറകുവിടർത്തുന്നു വരും കാലത്തേക്ക്… സജീവ് കൃഷ്ണൻ, കേരള കൌമുദി


രണ്ടുവർഷം മുമ്പുള്ള ശിവഗിരിതീർത്ഥാടനകാലം. ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാശ്രമത്തിന്റെ മരുത്വാമല തീർത്ഥയാത്രയുടെ സമാപന സമ്മേളനത്തിൽ ഗുരുദർശന പ്രഭാഷണം നടത്താൻ ചെന്നപ്പോഴാണ് മരുത്വാമല ആശ്രമം സെക്രട്ടറി സ്വാമി വിശുദ്ധാനന്ദ ആ സ്വപ്നം പങ്കുവച്ചത്. ഏഴുനിലകളുള്ള ഒരു വിശാല സമുച്ചയത്തിന്റെ രേഖാചിത്രം എടുത്തുകാട്ടുകയാണ് സ്വാമി: ‘ഇങ്ങനൊരു കേന്ദ്രത്തിന്റെ ആവശ്യം ഇവിടെയുണ്ട്. ഇത് ഇന്നേക്കുവേണ്ടിയല്ല. നാളെ എത്തുന്ന തലമുറയ്ക്കുവേണ്ടി നമുക്ക് സൂക്ഷിച്ചുവയ്ക്കാവുന്ന ഒരു അക്ഷയനിധി. തീർക്കാൻ ഒരുപാട് ത്യാഗം സഹിക്കേണ്ടിവരും. എങ്കിലും ഗുരുസ്വാമിയെ സ്‌മരിച്ചുകൊണ്ട് നമുക്കാ പ്രതിസന്ധി മറികടക്കണം. ഒത്തു ശ്രമിച്ചാൽ നടക്കും.”|

സ്വാമിയുടെ വാക്കുകളുടെ ഉൾച്ചൂടറിഞ്ഞുകൊണ്ട് ഉത്തരേന്ത്യൻ മാതൃകയിൽ തയ്യാറാക്കിയതെന്ന് തോന്നിപ്പോകുന്ന വിശാലമായ ആ ക്ഷേത്രസമുച്ചയത്തിന്റെ രേഖാചിത്രത്തിലേക്ക് ഒരുതവണകൂടി നോക്കി. പരിധിയില്ലാത്ത ഒരു സ്വപ്നം എന്നാണ് അപ്പോൾ മനസ് മന്ത്രിച്ചത്.
‘ഇത് നടക്കുമോ? സ്വാമീ?”
സ്വാമിയുടെ വലിപ്പമേറിയ സന്ന്യാസദൃഷ്ടി ചോദ്യകർത്താവിന്റെ ഉൾത്തടത്തിൽ നങ്കൂരമിട്ടുനിന്നു. നിറഞ്ഞ പുഞ്ചിരിയിൽ ഒരു കപ്പൽ മുകൾത്തട്ടിൽ ഉയർത്തിപ്പിടിക്കുന്ന പതാകപോലെ സ്വാമി ആ ലക്ഷ്യത്തെ ഉയർത്തിപ്പിടിച്ചിരിക്കുന്നതുകണ്ടു. പിള്ളത്തടത്തിലെ നിതാന്തമായ സഹവാസത്തിനിടെ ഭഗവാൻ ശ്രീനാരായണനിൽനിന്ന് എന്തോ ഒരു ഉറപ്പു ലഭിച്ചതുപോലെയുണ്ട് ആ നിശ്ചയം. സ്വാമി പറഞ്ഞു: ‘നടത്താൻ ശ്രമിക്കണം. നടന്നു കിട്ടുന്നതുവരെ.” തിരികെ വാഹനത്തിൽ കയറുമ്പോൾ, മേഘങ്ങളോട് സല്ലപിക്കുകയും കൊടുങ്കാറ്റിനോട് മല്ലയുദ്ധം നടത്തുകയും ചെയ്യുന്ന പർവതശ്രേഷ്ഠനോട് ചോദിച്ചു:
‘നീ അനുവദിക്കുമോ ഇങ്ങനൊരു ചരിത്രഗേഹം ഇവിടെ ഉയർന്ന് പരിലസിക്കുവാൻ?”
അനേകശതം വർഷങ്ങളുടെ യഥാർത്ഥ ചരിത്രത്തെ നിഗൂഢമായി ഉള്ളിലൊളിപ്പിച്ച് കഥകളും കെട്ടുകഥകളും പഴമ്പുരാണങ്ങളും മാത്രം പങ്കുവയ്ക്കുന്ന മരുത്വാമല, ചോദ്യം കേൾക്കാത്ത മട്ടിൽ ഗഹനത പൂകി നിന്നു?

പിന്നീട് കേരളകൗമുദി ഗുരുസാഗരം പംക്തിയിൽ ആത്‌മോപദേശ ശതകത്തിന് ആസ്വാദനം എഴുതിത്തുടങ്ങിയ സമയം. ആ വിശിഷ്ടാദ്വൈതസാരത്തിലൂടെ ഭഗവാന്റെ ആത്മസഞ്ചാരം പിൻപറ്റി വീണ്ടും മരുത്വാമലയിലെത്തി. പ്രത്യക്ഷാനുഭവങ്ങളുടെയും ഭ്രമകല്പനകളുടെയും കരണം മറിച്ചിലിനിടയിൽപ്പെട്ട് ഗുരുവിന്റെ സത്യദർശനത്തെ സ്വായത്തമാക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടപ്പോഴാണ് ഒരു കാര്യം ബോദ്ധ്യമായത്. ഗുരുവിന്റെ സ്വത്വം തിരയുന്നവർക്ക് ഒരിക്കലും മാറ്റി നിറുത്താനാവാത്ത ഇടമാണ് മരുത്വാമല. കാരണം സാധനയില്ലാതെ ഗുരുവിനെ അറിയൽ പൂർണമാവില്ല. സാധനചെയ്യാൻ മരുത്വാമലയോളം പോരുന്ന മറ്റൊരു ഇടവും നമുക്കില്ല. മോശയ്ക്ക് സിനായ്‌മല പോലെ, ബുദ്ധന് ഗയ പോലെ, പ്രവാചകൻ മുഹമ്മദ് നബിക്ക് ഹിറാഗുഹ പോലെ ജഗത്ഗുരുവിന് മരുത്വാമല!
ഗുരുദേവൻ ആറുവർഷക്കാലം തപോവൃത്തിക്കായി ചെലവിട്ട ഇടമാണ് മരുത്വാമല. മലയുടെ മുകളിൽ കാലം കാത്തുവച്ച ധ്യാനമുറിയാണ് പിള്ളത്തടം ഗുഹ. അറിഞ്ഞതും പറഞ്ഞുകേട്ടതുമായ ചരിത്രശേഷിപ്പുകളിൽ ഒരുപാട് യോഗിവര്യന്മാർ ഇവിടെയിരുന്ന് പരമാത്മസംയോഗം നേടിയിട്ടുണ്ട്. ഭഗവാന്റെ തപസ് തുടങ്ങുന്ന കാലത്ത് ചട്ടമ്പിസ്വാമിയും ആദ്യത്തെ കുറച്ചു ദിവസം ഒപ്പമുണ്ടായിരുന്നു. പിന്നീടും ആത്മാന്വേഷികൾ ഈ ശിലാഭൂമിയിൽ തപസനുഷ്ഠിച്ചിട്ടുണ്ട്. പക്ഷേ, ഗുരുദേവന്റെ തപോഭൂമിയായാണ് മരുത്വാമല അറിയപ്പെടുന്നത്. കാരണം ആ തപോബലം ദൈവംപോലും മറന്നിട്ട ഒരു ജനതയെ ജീവിതത്തിലേക്ക് തിരിച്ചുവിളിക്കാനാണ് ഭഗവാൻ ഉപയോഗിച്ചത്. മരുത്വാമലയ്ക്കും ഭഗവാന്റെ തപോഭൂമിയായി അറിയപ്പെടാനാണ് ഇഷ്ടമെന്ന് പലവട്ടം തോന്നിയിട്ടുണ്ട്. മലമുകളിലെ യോഗമണ്ഡപത്തിൽ ഒരു തവണയെങ്കിലും കയറി കണ്ണുകളടച്ചിരുന്ന് ‘ഓം ശ്രീനാരായണ പരമഗുരവേ നമഃ” എന്ന ധ്യാനമന്ത്രം ഉരുവിടുമ്പോൾ നമ്മേക്കാൾ ആഴത്തിൽ മരുത്വാമല ആ മന്ത്രം ചൊല്ലുന്നതുകേൾക്കാം.

ആ ബോദ്ധ്യത്തിലിരുന്നുകൊണ്ടാണ് മരുത്വാമലയിൽ വച്ച് യുവാക്കൾക്കായി ഒരു സാധനാക്യാമ്പ് നടത്താമെന്ന് ആലോചിച്ചത്. സ്വന്തം ശരീരത്തിൽ നിറഞ്ഞിരിക്കുന്ന ആത്മാവിനെ ഉണർത്തി പരിലസിപ്പിക്കാൻ മറന്ന് മദ്യവും പണവും സംഭോഗവും മാത്രം അടിസ്ഥാനമാക്കി ജീവിക്കുന്ന തലമുറയെ രക്ഷപ്പെടുത്താനൊരു ശ്രമം. മറ്റുള്ളവരെയും ഉണർത്തുക എന്നതാണ് ആദ്യമുണരുന്നവർ ചെയ്യേണ്ടതെന്ന് ഗുരുദേവൻ മനസിൽ മന്ത്രിക്കുന്നതുപോലെ തോന്നി. ഡോ. പല്പു, കുമാരനാശാൻ, ടി. കെ. മാധവൻ, സഹോദരൻ അയ്യപ്പൻ, സ്വാമി ബോധാനന്ദൻ, നടരാജഗുരു എന്നിങ്ങനെ ഒട്ടേറെപ്പേരുടെ നാമരൂപങ്ങൾ ആ സമയം ബോധത്തിൽ തെളിഞ്ഞുനിന്നു. കഷ്ടംദീനം പിടിച്ചും മദിരയതുകുടിച്ചും കിടക്കുന്നവരെന്ന് ഭഗവാൻ സുബ്രഹ്മണ്യകീർത്തനത്തിൽ വിവരിച്ച ജനസമൂഹത്തിൽനിന്ന് ആ വിശുദ്ധാഹ്വാനം കേട്ട് ആദ്യം ഉണർന്നവരാണ് ഇവരെല്ലാം. സ്വജീവിതം കൊണ്ട് അവരെല്ലാം സഹജീവികളെ മൂടിക്കിടന്ന ഇരുട്ടിനെയും അടിമത്തത്തെയും നീക്കം ചെയ്തു. അവരുടെയെല്ലാം വഴിപിൻപറ്റി നമ്മുടെ യുവാക്കളെ അവർ വീണുപോയ മൂഢസ്വർഗത്തിൽ നിന്നുണർത്തണം. അവരിൽ ഉറഞ്ഞുകൂടുന്ന അഭൗമമായ ഊർജത്തെ സമൂഹനന്മയ്ക്കായി പാകപ്പെടുത്തണം.

എത്രപേർക്ക് അവിടെ താമസിപ്പിച്ച് പരിശീലനം നൽകാൻ സാധിക്കും? ഒരുപാട് പരിമിതികൾകൊണ്ട് വീർപ്പുമുട്ടുന്ന ഇപ്പോഴത്തെ മരുത്വാമല ആശ്രമത്തിന് അതൊന്നും താങ്ങാനാവില്ല. എങ്കിലും എത്രപേരെ കൊണ്ടുവന്നാൽ അത്യാവശ്യം സൗകര്യങ്ങളെങ്കിലും ചെയ്യാൻ സാധിക്കും എന്ന് സ്വാമിയെ വിളിച്ചു ചോദിക്കാമെന്നു വിചാരിച്ച നിമിഷം മൊബൈൽ ഫോൺ ശബ്ദിക്കുന്നു. മറുതല്ക്കൽ അരുവിപ്പുറത്തെ സാന്ദ്രാനന്ദസ്വാമിയാണ്. ”മരുത്വാമലയിലെ വിശുദ്ധാനന്ദസ്വാമിക്കുവേണ്ടിയാണ് വിളിച്ചത്. സ്വാമിയുടെ കയ്യിൽ ഫോൺ കൊടുക്കാം.””
എന്ത് അത്ഭുതമാണിത്? അങ്ങോട്ടുവിളിക്കാൻ ഒരുങ്ങുമ്പോൾ ഇങ്ങോട്ട് വിളിവരുന്നു!
എന്തിനാണ് വിളിക്കാൻ ഒരുങ്ങിയതെന്നായി വിശുദ്ധാനന്ദ സ്വാമിയുടെ കുശലം. സാധനാപഠന ക്യാമ്പിനെക്കുറിച്ച് സ്വാമിയോട് പറഞ്ഞു. ”അതിനൊക്കെ നമുക്ക് ഒരിടം ഉണ്ടാക്കുന്ന കാര്യം പറയാനാണ് വിളിച്ചത്? അന്നുപങ്കുവച്ച ആ സ്വപ്നം യാഥാർത്ഥ്യമാകുകയാണ്. മരുത്വാമലയുടെ താഴ്‌വരയിൽ ഭഗവാൻ ശ്രീനാരായണനെ അറിഞ്ഞനുഭവിക്കാൻ ലോകർക്ക് ഒരിടം യാഥാർത്ഥ്യമാകാൻ പോകുന്നു. ഏഴു നിലകളുള്ള ക്ഷേത്ര സമുച്ചയം. അതിന്റെ വിളംബരത്തിനായി തലസ്ഥാനത്തെ കനകക്കുന്നിൽ ശ്രീനാരായണഗുരു വിശ്വസംസ്‌കാര ഭവനിൽ ഒരു ഓഫീസ് തുറക്കുകയാണ് ജൂൺ 22ന്. അതേക്കുറിച്ചൊന്നു സംസാരിക്കാൻ ഇവിടെ വരെ വരണം.””

വിശ്വസംസ്‌കാരഭവന്റെ മുറ്റത്തെ മരത്തണലിൽ ഗുരുപ്രസാദ് സ്വാമിക്കും സാന്ദ്രാനന്ദസ്വാമിക്കും ഒപ്പമിരുന്ന് വിശുദ്ധാനന്ദസ്വാമി രണ്ടുവർഷം മുമ്പ് പറഞ്ഞു മുറിഞ്ഞുപോയ സ്വപ്നത്തെക്കുറിച്ച് വീണ്ടും ശബ്ദിച്ചു: ‘മുടങ്ങാതെ പണിനടന്നാൽ പത്തുവർഷത്തെ ശ്രമംകൊണ്ട് തീർക്കാനാവും ഈ ക്ഷേത്രസമുച്ചയം. 96000 ചതുരശ്ര അടി വിസ്തൃതി. ഏഴു നിലകളിൽ 131 അടി ഉയരം വരും. മദ്ധ്യത്തിൽ ഗുരുമന്ദിരം. യോഗ, ധ്യാന പഠനത്തിനുള്ള വിശാലതയാണ് ഒരു നില മുഴുവൻ. ഗുരുദേവചരിതം വരും തലമുറയ്ക്ക് പകർന്നു നൽകുന്ന ആധുനിക ഡിജിറ്റൽ ലൈബ്രറികൾ, പഠനശാല, വിദേശത്തുനിന്നുപോലും വിദ്യാർത്ഥികൾക്ക് വന്ന് പഠന ഗവേഷണങ്ങളിൽ ഏർപ്പെടാവുന്ന ക്ലാസ് മുറികൾ, നൂറുകണക്കിനാളുകൾക്കുള്ള താമസസൗകര്യം, ഗുരുദേവമ്യൂസിയം, ഗുരുകൃതികൾ പഠിക്കാനും പഠിപ്പിക്കാനും ഗവേഷണം നടത്താനുള്ള ഇടം, ഗുരുദർശനത്തിലേക്ക് ആധുനിക തലമുറയെ ആകർഷിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്നിങ്ങനെ വിപലമായ സംവിധാനങ്ങളാണ് ഓരോ നിലകളിലും ഒരുക്കുന്നത്. ആറര ഏക്കർ വിസ്തൃതിയിൽ അതങ്ങനെ നിറഞ്ഞു നില്ക്കും. 42 കോടി രൂപയാണ് ചെലവ് വരിക. അതിനാൽ ലോകമാകമാനമുള്ള സജ്ജനങ്ങൾ സഹകരിക്കേണ്ടിവരും. അതൊക്കെ ഭഗവാന്റെ നിശ്ചയം. അതിനായി ഗുരുപ്രീതിയുണ്ടാക്കാൻ അടുത്ത ജനുവരിയിൽ ചതയ ദിനത്തെ മരുത്വാമല കേന്ദ്രീകരിച്ച് ഒരുവർഷം നീണ്ടുനില്ക്കുന്ന പ്രാർത്ഥനാ യജ്ഞത്തിന് തുടക്കമിടുകയാണ്. അതിന്റെ പരിസമാപ്തിയിലാണ് ക്ഷേത്രസമുച്ചയത്തിന് കല്ലിടൽ.” സ്വാമി പറഞ്ഞു നിറുത്തി.

1992 വരെ ആരെങ്കിലുമൊക്കെ വല്ലപ്പോഴും വന്നുകയറുന്ന ഇടമായിരുന്നു മരുത്വാമല. ഭഗവാൻ ശ്രീനാരായണന്റേതായ ഒരു വിലാസവും ഇല്ലാതെ കിടന്ന ഇടത്തേക്ക് വിശുദ്ധാനന്ദസ്വാമി കടന്നുവന്നപ്പോൾ ഒരു കുടിൽപോലുമുണ്ടായിരുന്നില്ല. അതിനുമുമ്പ് അവിടെയെത്തിയ ഒരു സ്വാമിയോടൊപ്പം കഴിഞ്ഞു ഏറെനാൾ. 92 ജനുവരിയിലെ ചതയനാളിൽ സ്വാമി പിള്ളത്തടത്തിൽ കയറി ചതയപൂജ നടത്തി. അത് പിന്നീട് ചതയപൂജാസംഘമായി വിപുലപ്പെട്ടു. മുൻ ജില്ലാ കളക്ടർ എം. കെ. ഭാസ്‌കരനും പി. കരുണാകരനുമടക്കം മികച്ച സാരഥി സംഘത്തിനുണ്ടായി. എല്ലാവരുടെയും ശ്രമഫലമായാണ് ഇന്ന് മരുത്വാമലയിൽ കാണുന്ന ആശ്രമവും ചെറിയ ഗസ്റ്റ് ഹൗസുമൊക്കെ ഉണ്ടായത്. ഒന്നുമില്ലായ്മയിൽനിന്ന് ഇത്രയുമൊക്കെ നൽകിയ ഗുരുവിന്റെ കൃപയിൽ വിശ്വസിച്ചാണ് വലിയസ്വപ്നത്തിലേക്ക് നടന്നടുക്കുന്നത്. ചതയപൂജയുടെ ഇരുപത്തിയഞ്ചാം വാർഷികമാണ് അടുത്ത ജനുവരിയിൽ. കാൽനൂറ്റാണ്ട് പിന്നിട്ട ചതയപ്രാർത്ഥനകൊണ്ട് ഗുരുഭക്തർ മരുന്നുകളുടെ മലയെ മാനവകുലത്തിന്റെ മഹാശ്രയകേന്ദ്രമാക്കാൻ ഒരുങ്ങുന്നു.
ഗുരുദേവനെ അറിയാൻ കടന്നുവരുന്ന പുതുതലമുറയ്ക്ക് ശിവഗിരിയിൽ എഴുതിവച്ചിരിക്കുന്ന ഏതാനും ബോർഡുകൾ മാത്രമാണ് ഇന്ന് ആശ്രയം. പുസ്തകങ്ങൾ ആയിരക്കണക്കിനുണ്ടെങ്കിലും ഗുരുവിനെ ആധുനിക കാലഘട്ടവുമായി ബന്ധിപ്പിച്ച് സമഗ്രമായി പരിചയിക്കാനുള്ളവ തുലോം കുറവാണ്. ഉള്ള പുസ്തകങ്ങൾക്കുപോലും വായനക്കാരും പഠിതാക്കളും എണ്ണത്തിൽ ചെറുതും. എങ്കിലും അറിവില്ലായ്മയെ അലങ്കാരമാക്കാൻ ആർക്കും ഒരു മടിയുമില്ല. ഗുരു വെറും മനുഷ്യനാണ്. സാമൂഹ്യപരിഷ്കർത്താക്കളിൽ ഒരാൾ മാത്രമാണ് എന്നുപറഞ്ഞ് മറ്റെന്തിലൊക്കെയോ ഭ്രമിച്ച് കാലം കഴിക്കുന്നവർ. ചെയ്തുവച്ചതും പറഞ്ഞുവച്ചതും തിരഞ്ഞുചെല്ലുന്നവർ ഗുരുവിൽ ദൈവത്തെ കാണുന്നു. കാരണം ദൈവത്തേക്കാൾ മഹത്തരമായ ഒരു നാമം ഭൂമിയിൽ വേറെ ഇല്ലെന്നതിനാലാണത്.

പുസ്തകങ്ങൾ വായിച്ച് ഗുരുവിനെ അറിയാൻ ശ്രമിക്കുന്നവർക്കും അനുഭവതലത്തിൽ ഗുരുവിനെ പൂർണമായി കണ്ടെത്താനാവില്ല. അതിന് വ്രതബോധമുള്ള മനസും സാധനാത്മകമായ ജീവിതവും സ്വീകരിക്കണം. അതിനു മനസ് പാകപ്പെടുന്നവർക്ക് ആശ്രയമായി മരുത്വാമല എന്നുമുണ്ടാകണം. അതിനൊരിടം വേണം ഈ താഴ്വരയിൽ. ലോകോത്തരമായ ദർശനത്തിന് ഒട്ടും വലിപ്പം കുറയാത്ത ഒരു മാതൃകാസ്ഥാനം. ആ ലക്ഷ്യത്തിനായി അടുത്ത പത്തുവർഷം നമുക്ക് കൈമെയ് മറന്ന് ഒന്നുചേരാം.


 

maruthvamala-by-sajeev-krishnan-kerala-kaumudi-gurudevan-net

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *