മദ്രസ സ്‌കൂളുകളെ എയ്ഡഡ് ആക്കാനുള്ള നിര്‍ദ്ദേശം തള്ളി

സംസ്ഥാനത്തെ 34 മദ്രസ സ്‌കൂളുകളെ എയ്ഡഡ് ആക്കാനുളള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം നിയമവകുപ്പ് തളളി. ധനവകുപ്പും നേരത്തെ നിര്‍ദ്ദേശത്തെ എതിര്‍ത്തിരുന്നു. മദ്രസകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുളള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിനാണ് ഇതോടെ തിരിച്ചടിയായത്.

ഇത്തരം സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് ഭരണഘടനാ പരമായ സമനീതിക്ക് എതിരാണെന്നും കോടതികളില്‍ ചോദ്യം ചെയ്യപ്പെടാന്‍ ഇടയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം നിയമവകുപ്പ് തള്ളിയത്. വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തെ ധനവകുപ്പ് ആദ്യം തന്നെ എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പ് മറികടന്നാണ് നിര്‍ദ്ദേശം നിയമവകുപ്പിലെത്തിയത്.
സാമ്പത്തിക ബാധ്യതയ്‌ക്കൊപ്പം നിയമപരമായ നിലനില്‍പില്ലായ്മയും ചൂണ്ടിക്കാട്ടിയായിരുന്നു ധനവകുപ്പിന്റെ എതിര്‍പ്പ്. കൂടാതെ എയ്ഡഡ് പദവിക്ക് വേണ്ട മാനദണ്ഡങ്ങള്‍ ഈ സ്‌കൂളുകള്‍ പാലിക്കുന്നില്ലെന്നും അദ്ധ്യാപകര്‍ക്ക് വേണ്ടത്ര യോഗ്യതയില്ലെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ധനവകുപ്പ് തളളിയിട്ടും ലീഗിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെടുകയും ഇക്കാര്യത്തിലെ നിയമസാധുത പരിശോധിക്കാന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തുകയുമായിരുന്നു.

നിയമവകുപ്പും കൈയ്യൊഴിഞ്ഞെങ്കിലും ലീഗ് ഇക്കാര്യത്തില്‍ ശക്തമായ നിലപാടുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണെന്ന് അറിയുന്നു. നിയമവകുപ്പിന്റെ നടപടിയിലെ അതൃപ്തി ലീഗ് നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ അനുകൂല നിലപാട് ഉണ്ടാകണമെന്ന അന്ത്യശാസനം ലീഗ് സര്‍ക്കാരിന് നല്‍കിയതായും സൂചനയുണ്ട്.


Source- http://www.janamtv.com

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *