Birth Home of Dr. Palpu

Author: Sajeev Krishnan- നൂറ്റി അൻപത് വർഷംമുമ്പ് ഡോ. പല്പു ജനിച്ച വീടാണിത്. തിരുവനന്തപുരത്ത് പേട്ടയിൽ തച്ചക്കുടി ലെയ്നിൽ വന്നാൽ ഈ വീട് കാണാം. നാലുവർഷം മുമ്പാണ് ഞാൻ ഈ വീട് ആദ്യമായി കാണുന്നത്. അതൊരു നിമിത്തമെന്നോ നിയോഗമെന്നോ വിളിക്കേണ്ട സംഭവം. പേട്ടയിലെ പുരാതനമായ വീട് വില്പനയ്ക്ക് എന്ന ഒരു ക്ളാസിഫൈഡ് പരസ്യം പത്രത്തിൽക്കണ്ട് ഒരു കൗതുകത്തിന് വിളിച്ചു നോക്കിയതാണ്. വീടിനെക്കുറിച്ച് പത്രക്കാരന്റെ സ്വാഭാവികതയോടെ തിരിച്ചുമറിച്ചും ചോദിച്ചപ്പോഴാണ് അത് പല്പുവിന്റെ വീടാണെന്നറിഞ്ഞത്. വീടിനും നാലുസെന്റ് സ്ഥലത്തിനുമായി പതിനെട്ടു ലക്ഷം രൂപയാണ് വിലപറയുന്നത്. ഞാൻ വന്ന് കാണുംവരെ ആ വീടിന് ആരോടും എഗ്രിമെന്റ് വയ്ക്കരുത് എന്നു ശാംകെട്ടിയിട്ട് ഞാൻ വാഹനവുമെടുത്ത് നേരെ അവി‌ടെയെത്തി. ഒരു ഗണപതി ക്ഷേത്രം ഉണ്ട് വീടിന്റെ കന്നി മൂലയ്ക്ക്.

അതാണ് വില്ക്കാനുള്ള തടസം എന്ന് ഏജന്റ് പറഞ്ഞു. ഞാൻ ആ കുഞ്ഞുലംബോധരന്റെ കുംഭയിൽനോക്കി നന്ദി പറഞ്ഞു. ഇത്രയുംനാവ ഇത് വിൽക്കാതെ സൂക്ഷിക്കാൻ സഹായിച്ചതിന്. ഇതിന്റെ ഉടമയെക്കാണണം എന്റെ ഡീലിംഗ് നേരിട്ടാണ് എന്ന് ഞാൻ ഏജന്റിനോടു പറഞ്ഞു. എന്തായാലും തന്റെ വീതം കിട്ടിയേ പറ്റൂ എന്നായി അയാൾ. അതു ശരിയാക്കാം എന്നു പറഞ്ഞ് ഞങ്ങൾ വീടിന്റെ അവകാശിയെക്കണ്ടു. ഒരു കൃഷ്ണമൂർത്തി. അയാൾക്ക് തായ് വഴിയിൽ കിട്ടിയതാണ്. പല്പുവുമായി പറഞ്ഞുവരുമ്പോൾ ഒരു ബന്ധവുമില്ല. ഒരു മണിക്കൂർ ഞാൻ അയാളോട് ഡോ. പല്പു ഈ സമൂഹത്തിന് ആരായിരുന്നു എന്നു പറഞ്ഞുകൊടുത്തു. വീട് നമുക്ക് സർക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കാം പുറത്തുകൊടുത്താൽ ഇത് ഇടിച്ചുകളഞ്ഞ് അവർ കെട്ടിടം പണിയും എന്ന് ഓർമ്മിപ്പിച്ചു. അയാൾ വഴങ്ങി. ഞാൻ കൗമുദിയിൽ വാർത്ത എഴുതി. പലസംഘടനകളും വന്നു നോക്കി. ആരും അടുക്കുന്നില്ല. ഒരു യോഗം നേതാവ് പറഞ്ഞത് ഇതിന് പണം മുടക്കിയാൽ അത് ഡെഡ് മണിയാകും എന്നായിരുന്നു. കുറേനാൾ കഴിഞ്ഞ് സാംസ്കാരിക വകുപ്പിൽ നിന്ന് ഒരുകാൾ വന്നു യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നിങ്ങളുടെ വാർത്ത വച്ച് മുഖ്യമന്ത്രിക്ക് നിവേുനം കൊടുത്തിരുന്നു. സർക്കാർ അത് അംഗീകരിച്ചിട്ടുണ്ട്. ഇനി അതിന്റെ പ്രോസസ് ആണെന്ന്. ഞാൻ ജനറൽ സെക്രട്ടറിയെ വിളിച്ച് വസ്തുത ഉറപ്പാക്കിയിട്ട് വാർത്തകൊടുത്തു. രണ്ടുവർഷം സർക്കാർ പരിശോധനകൾ നടത്തി. ഒരു ഘട്ടത്തിലും കുഴപ്പമൊന്നുമില്ല. പക്ഷേ, ഓർഡർ ഇറങ്ങിയില്ല. ഏതോ ജാതിപ്പിശാച് കടിച്ച സർക്കാർ കസേര അത് മുട്ടായുക്തിപറഞ്ഞ് തടഞ്ഞുവച്ചു. ഇപ്പോൾ വീണ്ടും അത് ഇഴയുകയാണ്. അടുത്തകാലത്ത് യൂത്ത്മൂവ്മെന്റുകാർ അതേറ്റെടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. അതും എങ്ങും എത്തിയിട്ടില്ല. വീടിനെക്കുറിച്ച് വാർത്തയെഴുതിയതിന്റെ പിറ്റേ ആഴ്ച ഞാൻ പുതിയ വാടകവീട് തേടേണ്ടിവന്നു. പലരോ‌ടും ചോദിച്ച് ഒടുവിൽ എനിക്ക് വീടുകിട്ടിയത് പല്പുവിന്റെ വീടിന് അടുത്തുള്ള ഒന്നായിരുന്നു. അവിടെ ഇരുന്നുകൊണ്ട് കുഞ്ഞു പല്പു ഓടിക്കളിച്ച മണ്ണിന്റെ ഗന്ധമറിഞ്ഞ്, നാണുവായും നാണുഭക്തനായും നാണുവാശാനായും ഒടുവിൽ ഗുരുസ്വാമിയായും ഗുരുദേവൻ വന്നു താമസിച്ച വീടിന്റെ ചാരത്തിരുന്നുകൊണ്ടാണ് ഞാൻ പല്പുവിന്റെ ജീവചരിത്രം എഴുതിയത്. ദൈവത്തിന്റെ പടത്തലവൻ എന്ന തലത്തിൽ പല്പുവിനെ അവതരിപ്പിച്ചത്. എല്ലാം ഒരു നിയോഗംതന്നെ… പല്പുവിന്റെ വീട് പൊതുസ്വത്തായിത്തീരാതെ ഈ പരിസരം വിട്ട് പോകില്ല എന്നാണ് ആഗ്രഹം. ഒക്കെ ഗുരുസ്വാമി പറയുംപോലെ…

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *