ഗുരുദേവന്റെ ജനനം, ബാല്യം

chempazhanthi-vayalvaaramശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് ധന്യമായ ഗൃഹമാണ് വയൽവാരം വീട്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നിന്ന് കൊല്ലത്തേക്കുള്ള റോഡിൽ കൂടി പത്തുകിലോമീറ്റർ ചെന്നാൽ ശ്രീകാര്യം എന്ന കവല. അവിടെനിന്നു വലത്തോട്ട് തിരിഞ്ഞ് പോത്തൻകോട്ടേയ്ക്കുള്ള വഴിയിൽ കൂടി വടക്കുകിഴക്കോട്ടായി നാലുകിലോമീറ്റർ പോയാൽ കിഴക്കു വശത്തായി ചെമ്പഴന്തിയിലെ മണയ്ക്കൽ ക്ഷേത്രം കാണാം. ക്ഷേത്രത്തിനു അല്പം വടക്കു വശത്താണ് നാരായണഗുരുവിന്റെ ജന്മം കൊണ്ട് പവിത്രമായ വയൽവാരം വീട്. ഒരേക്കറോളം വിസ്തീർണ്ണമുള്ള വളപ്പിന്റെ നടുവിലായി മൂന്നു മുറികളുള്ള കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആ വീടിന് ഏതാണ്ട് മുന്നൂറ് കൊല്ലങ്ങൾ പഴക്കമുണ്ട്. ഇപ്പോൾ കാണുന്ന കെട്ടിടത്തിനു പുറമെ പാചകത്തിനും മറ്റുമായി അതേ വലിപ്പത്തിൽ ഒരു വടക്കിനിയും പടിഞ്ഞാറുവശത്ത് ഒരു ഉരൽപുരയും ഉണ്ടായിരുന്നു.

തെക്കു വശത്തു തൊഴുത്തും അല്പം അകലെ ദേവീ പൂജക്കു വേണ്ടി തെക്കിനിയും ഉണ്ടായിരുന്നു. വയൽവാരം വീട്ടുകാർക്ക് ഇലഞ്ഞിക്കൽ എന്ന ഒരു താവഴിയും ഉണ്ട്. കൊല്ലവർഷം 1032 ചിങ്ങമാസം ചതയം നക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്; ക്രിസ്തുവർഷം 1856 ഓഗസ്റ്റ് മാസം 20ന്. കുട്ടി ജനിച്ചപ്പോൾ പതിവിനു വിരുദ്ധമായി കരഞ്ഞില്ല എന്ന് പറയപ്പെടുന്നു. പെണ്ണുങ്ങളുടെ കുരവയും ആർപ്പുവിളികളും കുഞ്ഞിന്റെ നിസ്സംഗതയ്ക്കു ഭംഗം വരുത്തിയില്ല. കുട്ടിക്കു ജീവനുണ്ടോ എന്നുവരെ അവർ സംശയിച്ചു. സംശയം മാടനാശാനെ അറിയിച്ചു. അദ്ദേഹവും അമ്മാവൻമാരും വന്നു നോക്കിയപ്പോൾ കുട്ടിയിൽ ജീവൻ തുടിക്കുന്നതായും അവയവങ്ങൾ ചലിക്കുന്നതായും ബോധ്യപ്പെട്ടു. കുളിപ്പിച്ചപ്പോഴും പൊക്കിൾ കൊടി വിച്ഛേദിച്ചപ്പോഴും കരച്ചിലുണ്ടായില്ല. ഇതിൽ നിന്നു തന്നെ കുട്ടി അസാമാന്യനാണെന്നു ബന്ധുക്കൾക്കു ബോധ്യപ്പെട്ടു.

വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത് . അദ്ദേഹത്തിന്റെ പിതാവ് , കൊച്ചുവിളയിൽ മാടൻ ആയിരുന്നു. സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. അവർ മഹാഭക്തയും കാരുണ്യവതിയുമായിരുന്നു. മൂന്നു സഹോദരിമാരുണ്ടായിരുന്നു അദ്ദേഹത്തിന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. സ്വാമി കുട്ടിക്കാലത്ത് അത്ര ശാന്ത പ്രകൃതക്കാരനായിരുന്നില്ല. ചൊടിപ്പുള്ള കുട്ടിയായിരുന്നു. നാരായണൻ എന്നായിരുന്നു ഗുരുവിന്റെ പേര്‌. നാണു എന്നാണ്‌ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ വൈദ്യൻ അറിയപ്പെടുന്ന ഒരു ആയുർവേദവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു. ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രം നായന്മാർക്കും ഈഴവന്മാർക്കും അവകാശപ്പെട്ടതായിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട നാണു, തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു. തോട്ടപ്പണി അദ്ദേഹത്തിന്‌ ഇഷ്ടമായിരുന്നു.

സ്വന്തമായി ഒരു വെറ്റിലത്തോട്ടം അദ്ദേഹം വച്ചു പിടിപ്പിച്ചു. അതു നനക്കാനായി ഒരു കിണറും അദ്ദേഹം കുഴിച്ചു. ചെടികൾ വളരുന്നതു നോക്കി ഏതേത് ഭാഗത്ത് ജലം സുലഭമാണ്‌, എവിടെയൊക്കെ കുഴിച്ചാൽ വെള്ളം ലഭിക്കും എന്ന് അദ്ദേഹത്തിന്‌ മനഃസിദ്ധിയുണ്ടായിരുന്നു. ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു. പതിനെട്ട് വയസ്സായതോടെ അദ്ദേഹത്തിൽ സന്യാസിക്കുവേണ്ട എല്ലാ ലക്ഷണങ്ങളും തെളിഞ്ഞു തുടങ്ങി. അനികേതത്വം അദ്ദേഹം അനുഭവിച്ചു തുടങ്ങി. ഭക്തന്മാർക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന്‌ പ്രിയമുള്ള കാര്യമായിരുന്നു. ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്‌‌വ്യാപാരിയുടെ സഹായത്താൽ തമിഴിലെ പ്രാചീന കൃതികളായ തൊൽകാപ്പിയം, മണിമേഖല, തിരുക്കുറൾ, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം, അകനാനൂറ്, തേവാരം തിരുവാചകം എന്നിവ വായിക്കുകയുണ്ടായി.
വീട്ടിൽ പൂജയ്ക്കായി ഒരുക്കിവയ്ക്കുന്ന പഴവും പലഹാരങ്ങളും പൂജകഴിയുന്നതിനുമുമ്പ് എടുത്ത് ഭക്ഷിച്ചു കളയുന്നതിൽ കുട്ടി ഒരു വല്ലാത്ത കൗതുകം കാണിച്ചു. താൻ സന്തോഷിച്ചാൽ ദൈവവും സന്തോഷിക്കും എന്നു പറഞ്ഞ് ആ കൃത്യത്തെ തടയാൻ ശ്രമിക്കുന്നവരെ കുട്ടി തോല്പിക്കുമായിരുന്നു. തീണ്ടാൻ പാടില്ലാത്ത കീഴ്ജാതിക്കാരെ ദൂരത്തെവിടെയെങ്കിലും കണ്ടാൽ ഓടിയെത്തി അവരെ തൊട്ടിട്ടു കുളിക്കാതെ അടുക്കളയിൽ കടന്നു സ്ത്രീകളെയും അധികം ശുദ്ധം ആചരിക്കാറുള്ള പുരുഷൻമാരെയും തൊട്ട് അശുദ്ധമാക്കുന്നത് കുട്ടിക്ക് ഒരു വിനോദമായിരുന്നു.

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *