Govt. Attitude Towards Sivagiri Mutt

Swami-GuruprasadAuther: സ്വാമി ഗുരു​പ്ര​സാദ് (Sivagiri Mutt)

Source- Kerala Kaumudi


ആധു​നി​ക​ കേ​ര​ള​ത്തിന്റെ സ്രഷ്ടാ​വായ ശ്രീ നാ​രാ​യ​ണ​ ഗു​രു​ദേ​വ​നെയും ഗുരു​ദേ​വ​ പ്ര​സ്ഥാ​ന​ങ്ങ​ളെയും അർഹി​ക്കുന്ന ആദ​ര​വോടെ നോക്കി​ക്കാ​ണു​ന്നതിലും പല ​മേ​ഖ​ല​ക​ളിലും ലഭ്യ​മാ​കേണ്ട ആനു​കൂ​ല്യ​ങ്ങൾ ലഭ്യ​മാ​ക്കു​ന്ന​തിലും കുറ്റ​ക​ര​മായ അനാ​സ്ഥ​യാണ് ഭര​ണ ​മേ​ഖ​ല​യിൽ നിന്നുൾപ്പെടെ സംഭ​വി​ക്കു​ന്നത്  എന്ന്  പറ​യേ​ണ്ടി​യി​രി​ക്കു​ന്നു.
ഇരു​ള​ട​ഞ്ഞു കിടന്ന മേഖ​ല​ക​ളിൽ ഗുരു​ദേ​വ​ ദർശ​ന ​പ്ര​കാശം കട​ന്നു ​വന്നപ്പോൾ രൂപ​പ്പെട്ട മാറ്റ​ങ്ങൾ അവ​യുടെ ഗുണ​ഫ​ല​ങ്ങ​ള​നു​ഭ​വി​ച്ച​വർക്കൊന്നും ഒരി​ക്കലും വിസ്മ​രി​ക്കാ​നാ​വു​ന്ന​ത​ല്ല. ഈ നേട്ട​ങ്ങൾ അനു​ഭ​വി​ച്ച​തിൽ ഏറെ മുന്നിട്ടു നില്ക്കുന്നത് കേര​ള​ത്തി​ലെയും ഇന്ത്യ​യി​ലെയും പ്രധാന രാഷ്ട്രീ​യ​ ക​ക്ഷി​ക​ളെന്ന വസ്തുത കൂടി ഓർമ്മി​പ്പി​ക്കേണ്ടി വരു​ന്നതു കേവലം സാമാ​ന്യ മ​ര്യാദ മാത്ര​മാ​ണ്.

കേര​ള​ത്തിൽ ശബ​രി​മല കഴി​ഞ്ഞാൽ തീർത്ഥാ​ട​ക​ല​ക്ഷ​ങ്ങൾ എത്തി​ച്ചേ​രു​ന്നത് ശിവ​ഗി​രി​യി​ലാ​ണ്. ശിവ​ഗി​രി​യി​ലെ​ത്തി​ച്ചേ​രുന്ന തീർത്ഥാ​ട​കർ കേവലം അവി​ടുള്ള ആരാ​ധ​നാക്രമ​ങ്ങ​ളിൽ മാത്രം ഒതു​ങ്ങു​ന്ന​വ​ര​ല്ല. ശിവ​ഗി​രി​യി​ലേ​ക്കുള്ള ഭക്ത​രുടെ ആഗ​മനം പൗരാ​ണിക തീർത്ഥാ​ടന സങ്ക​ല്പ​ങ്ങൾക്കു വിധേ​യ​മാ​യി​ട്ടല്ല എന്ന വസ്തുത കേര​ള​ത്തി​ലെയും ഇത​ര​സം​സ്ഥാ​ന​ങ്ങളിലെയും പല വിദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെയും സാമൂ​ഹി​ക- സാംസ്‌കാ​രിക രാഷ്ട്രീയ നേതൃത്വങ്ങൾക്കെല്ലാം  നിര​വധി വേള​ക​ളിൽ നേരിട്ടു ബോദ്ധ്യം വന്നി​ട്ടു​ള്ള​താ​ണ്. കാരണം ശിവ​ഗിരി തീർത്ഥാ​ടനവേള​ക​ളിലും മറ്റു വിശേ​ഷാൽ വേള​ക​ളിലും ശിവ​ഗി​രി​യിൽ എത്തി​ച്ചേ​രു​കയും അവിടെ നട​ക്കുന്ന മഹാ​സ​മ്മേ​ള​ന​ങ്ങ​ളിൽ സംബ​ന്ധി​ക്കു​കയും ചെയ്തു​വ​രു​ന്നത് വർഷം തോറും നൂറു​ക​ണ​ക്കിനു ദേശീ​യ- അന്തർദ്ദേ​ശീയ നേതാ​ക്ക​ളാ​ണ്.  അവ​രിൽ ഏറെ​പ്പേരും രാഷ്ട്രീയ- ഭരണ മേഖ​ല​ക​ളിൽപ്പെ​ട്ട​വ​രു​മാ​ണ്.sivagiri-mutt-mar-papa

മരു​ത്വാ​മ​ല​യിലെ തപ​സ്സ​നു​ഷ്ഠാ​ന​ത്തി​നു​ശേഷം അരു​വി​പ്പു​റ​ത്ത് തന്റെ കർമ്മ​മ​ണ്ഡ​ല​ത്തിന്റെ തിരി​കൊ​ളു​ത്തിയ യുഗ​പ്ര​ഭാ​വ​നാണ് ഗുരു​ദേ​വൻ. 1904 ൽ ശിവ​ഗിരി അവി​ടുന്നു തുടർപ്ര​വർത്ത​ന​ങ്ങ​ളുടെ കേന്ദ്ര​മായി കണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മഹാ​ഗുരു രൂപം കൊടുത്ത ശ്രീനാ​രാ​യ​ണ​ധർമ്മ​സംഘം രാജ്യത്തെ എല്ലാ ആദ്ധ്യാ​ത്മിക പ്രസ്ഥാ​ന​ങ്ങ​ളു​ടെയും വഴി​കാ​ട്ടി​യെന്ന നില​യിൽ ഇന്നും പ്രശോഭി​ച്ചു​വ​രു​ന്നു. ശ്രീനാ​രാ​യ​ണ​ധർമ്മ​സംഘം ട്രസ്റ്റി​ലൂടെ നിർവഹി​ക്ക​പ്പെ​ട്ടു​വ​രു​ന്നതു ഭേദ​ചി​ന്ത​കൾക്കി​ട​മി​ല്ലാത്ത ഏക​ലോ​കം എന്നത്  യാഥാർത്ഥ്യ​മാ​ക്കു​ന്ന​തി​നുള്ള പ്രവർത്ത​ന​ങ്ങ​ളാ​ണ​ല്ലോ. ഈവിധ പ്രവർത്ത​ന​ങ്ങളെ പ്രോത്സാഹി​പ്പി​ക്കാ​നുള്ള ബാദ്ധ്യ​ത​ കേന്ദ്ര​ സം​സ്ഥാ​ന​ സർക്കാ​രു​കൾക്കുണ്ട്. ശിവ​ഗി​രി​മഠത്തിന്റെ ചരി​ത്ര​പ​രമായ സാമൂ​ഹ്യ​പ്ര​തി​ബ​ദ്ധ​തയും മഠം നിറ​വേ​റ്റുന്ന ദൗത്യവും അറി​യേ​ണ്ട​വർ അത​റി​യാതെ ഈ വിധ ചരി​ത്ര​പാ​ര​മ്പ​ര്യ​ങ്ങൾ ഒന്നും തന്നെ അവ​കാ​ശ​പ്പെ​ടാ​നി​ല്ലാത്ത മേഖ​ല​യ്ക്കു​വേണ്ടി ചെയ്തു​കൊ​ടു​ക്കുന്ന സഹാ​യ​ങ്ങളും ആനു​കൂ​ല്യ​ങ്ങളും വള​രെ​യേ​റെ​യാ​ണ്, അർഹി​ക്കു​ന്ന​തിലും കൂടു​ത​ലു​മാണ് . നില​വി​ലുള്ള സംസ്ഥാ​ന​സർക്കാരും ഇക്കാ​ര്യ​ത്തിൽ ഒട്ടും പിന്നോ​ട്ടല്ല എന്ന​താ​ണ​നു​ഭവം.

കേരളം ഭരിച്ച ഇടതു ഗവൺമെന്റിന്റെ  ഭാഗ​ത്തു​നിന്നും ലഭ്യ​മായ സഹാ​യ​ത്താൽ ശിവ​ഗി​രി​മഠം തുടക്കം കുറി​ച്ച​  ബൃഹത് പദ്ധ​തി​യാണ് ശിവ​ഗിരി തീർത്ഥാ​ടന പ്ലാറ്റിനം ജൂബിലി സ്മാരക  കൺവൻഷൻ സെന്റർ. വർക്ക​ല​യിലെ കൺവെൻഷൻ സെന്റർ. മുഖ്യ​മ​ന്ത്രി​യാ​യി​രുന്ന വി. എസ്. അച്യു​താ​ന​ന്ദനും അന്നത്തെ ധന​കാ​ര്യ​മന്ത്രി തോമസ് ഐസക്കും കൺവൻഷൻ സെന്റ​റിന്റെ നിർമ്മാ​ണ​ത്തിൽ വലിയ സഹാ​യ​മാണ് പ്രഖ്യാ​പി​ച്ച​ത്. പതി​നഞ്ചു​കോ​ടി​യാണ് അന്നു വക​യി​രു​ത്തി​യ​ത്.  ഗവൺമെന്റ് അന്നു മൂന്നു​കോടി രൂപ അനു​വ​ദി​ക്കു​കയും ചെയ്തു. കൺവൻഷൻസെന്റ​റിന്റെ പൂർത്തീ​ക​ര​ണ​ത്തിലൂടെ ശിവ​ഗി​രി​മ​ഠ​ത്തി​ലെ​ത്തുന്ന അനേ​ക​ലക്ഷം തീർത്ഥാ​ട​ക​രുടെ പ്രാഥ​മി​കാ​വ​ശ്യ​ങ്ങൾ ഉൾപ്പെടെ പല​തിനും ഒരു പരി​ധി​വരെ പരി​ഹാ​ര​മാ​കും. താമ​സം, സെമി​നാ​റു​കൾ, പഠന ഗവേ​ഷ​ണങ്ങൾ തുടങ്ങി വള​രെ​യേറെ സൗക​ര്യ​ങ്ങൾ  ഇതി​ലൂടെ കര​ഗ​ത​മാ​കും.

ഗുരു​ദേ​വ​ദർശനം നിര​ന്ത​ര​മായി ചർച്ച ​ചെ​യ്യ​പ്പെ​ടു​വാൻ ആവ​ശ്യ​മായ സൗക​ര്യ​ങ്ങ​ൾ നിറ​വേ​റ്റേ​ണ്ടതു ഏറെയും കേരളഭരണം കൈയാ​ളുന്ന സർക്കാ​രു​ക​ളാ​ണ​ല്ലോ. ടൂറി​സ​ത്തി​ന്റെയും തീർത്ഥാ​ട​ന​ത്തി​ന്റെയും വിവി​ധ​മേ​ഖ​ല​ക​ളി​ലു​ള്ള​വർക്കായി നല്കുന്ന സഹാ​യവും അനു​ബ​ന്ധ​ക്ര​മീ​ക​ര​ണ​ങ്ങളും ശ്രദ്ധ​യിൽപ്പെ​ടു​മ്പോൾ ശിവ​ഗി​രി​യോടു കടുത്ത അവ​ഗ​ണ​ന​യാണ് കാട്ടു​ന്ന​തെന്നു ബോദ്ധ്യ​പ്പെ​ടു​ന്നു. ശിവ​ഗിരി  ബന്ധു​ക്കൾ ഈ അനാസ്ഥ പല​പ്പോഴും ചൂണ്ടി​ക്കാ​ട്ടു​ന്നു​മു​ണ്ട്.

കൺവെൻഷൻ സെന്റ​റി​ന്റെ പൂർത്തീ​ക​ര​ണ​ത്തിന് സർക്കാർ പ്രഖ്യാ​പിച്ച തുക ഘട്ട​ങ്ങ​ളായി യഥാ​സ​മ​യ​ങ്ങ​ളിൽ നല്കി​യി​രു​ന്നു​വെ​ങ്കിൽ ഇതി​ന​കം ​ഉ​ദ്ഘാ​ടനം നിർവ​ഹിച്ചു ലോക​ത്തി​നായി സമർപ്പി​ക്കാ​നാ​കുമാ​യി​രുന്നു. നിര​വധി വേള​ക​ളിൽ സംസ്ഥാ​ന​സർക്കാ​രിനെ സമീ​പി​ച്ചു​വെ​ങ്കി​ലും​ ഗു​ണ​ക​ര​മായ സമീ​പ​ന​മല്ല ഉണ്ടാ​യ​തെന്നു ഈ സന്ദർഭ​ത്തിൽ പറ​യേ​ണ്ടി​വ​രു​ന്നു.
ഏതെ​ങ്കിലും ഒരു പ്രത്യേ​ക​വി​ഭാ​ഗ​ത്തിൽപ്പെ​ടുന്ന​വർ മാത്ര​മ​ല്ല, സമൂ​ഹ​ജീ​വി​തത്തെ നേരായ ദിശ​ക​ളി​ലേക്കു നയി​ക്കു​വാൻ പ്രതി​ജ്ഞാ​ബ​ദ്ധ​രായ അന​വധി സുമന​സു​ക​ളാണ് പല​പ്പോഴും ശിവ​ഗി​രി​യിൽ ഭക്ത​രായും പഠി​താ​ക്ക​ളായും ഗവേ​ഷ​ക​രായും വന്നു​പോ​കുന്നത്.ശിവ​ഗി​രി​യിൽ സൗകര്യം ഒരു​ക്കു​ന്ന​തിൽ സർക്കാ​രിന്റെ കടമ വള​രെ​യാ​കുന്നു ഇതു​മൂ​ലം.

അവ​ഗ​ണി​ക്കാ​നാ​വാ​ത്തതും നിത്യ​ശോ​ഭ​യേ​റു​ന്ന​തു​മായ ശിവ​ഗിരി തീർത്ഥാ​ട​ന​ല​ക്ഷ്യ​ങ്ങൾ സമൂ​ഹ​മ​ദ്ധ്യ​ത്തി​ലേക്കു സമർപ്പി​ച്ചത് 1928 ലായി​രു​ന്നു. എട്ടു പതി​റ്റാ​ണ്ടു​ക​ളായി രാജ്യ​ത്തിന്റെ സമ​സ്ത​മേ​ഖ​ല​ക​ളി​ലേ​ക്കുമുള്ള വിക​സ​ന​പ്ര​ക്രി​യയ്ക്ക് ഗതി​വേഗം വർദ്ധി​പ്പി​ക്കുന്ന തീർത്ഥാ​ട​ന ​ല​ക്ഷ്യ​ങ്ങ​ളുടെ ചർച്ചാ​വേ​ദി​യാ​യി​കൂ​ടി​യാ​ണല്ലോ ശിവ​ഗി​രി​തീർത്ഥാ​ട​ന​മ​ഹോ​ത്സവം സംഘ​ടി​പ്പി​ച്ചു​വ​രു​ന്ന​ത്. മറ്റേ​തെ​ങ്കിലും മേഖ​ല​യിൽ ഇപ്ര​കാ​ര​മൊരു ‘അറി​വിന്റെ തീർത്ഥാ​ടനം”കണ്ടെ​ത്താ​നാ​വു​ന്നു​മി​ല്ല.
ശിവ​ഗിരി തീർത്ഥാ​ടനം എഴു​പ​ത്തഞ്ചു സംവ​ത്സരം പൂർത്തി​യാ​ക്കി​യ​പ്പോൾ നട​ത്തിയ തീർത്ഥാ​ട​ന​ പ്ലാ​റ്റിനം ജൂബി​ലി​യാ​ഘോ​ഷ​ങ്ങളുടെ ഭാഗ​മാ​യുള്ള  ലോക​മ​ത​പാർല​മെന്റ് ഇന്നും അതി​ന്റെ സംഘാ​ട​ന​മി​ക​വു​കൊണ്ടു ലോക​സ​മക്ഷം നിറ​ഞ്ഞു​നി​ല്ക്കു​ന്ന ചരി​ത്ര​സം​ഭ​വ​മാണ്.  ശിവ​ഗി​രി​മ​ഠ​ത്തിന്റെ പ്രവർത്ത​ന​ങ്ങളും വ്യാപ്തിയും ലോക​മെ​മ്പാടും  തെളി​യി​ക്കുന്ന ഈ വിധം ചരി​ത്ര​ദൗ​ത്യ​ങ്ങൾ നിര​വ​ധി​യാ​ണ്.

ഗുരു​ദേ​വൻ മനു​ഷ്യ​വം​ശ​ത്തിന്റെ ഉത്കർഷ​ത്തി​നായി രചിച്ച ദൈവ​ദ​ശകമെന്ന സർവ​മ​ത​പ്രാർത്ഥ​ന​യുടെ ശതാബ്ദി കഴിഞ്ഞ ഒരു വർഷ​ക്കാ​ലം ആഗോ​ള​ത​ല​ത്തി​ൽ ആഘോ​ഷി​ച്ചതും സമീ​പ​കാ​ലത്തൊന്നും ഉണ്ടാ​യി​ട്ടി​ല്ലാ​ത്തത്ര ജന​പ​ങ്കാ​ളി​ത്തവും ‘ലോക​മ​നസ് ശിവ​ഗി​രി​യി​ലേക്കെന്ന”മഹ​ത്തായ ചടങ്ങും തുടർന്ന് വത്തി​ക്കാ​നുൾപ്പെടെ യൂറോ​പ്യൻരാ​ജ്യ​ങ്ങ​ളി​ലേക്ക് നടന്ന ഗുരു​സ​ന്ദേശസാധ​നാ​പ​ഠ​ന​യാ​ത്രയും വിശ്വ​മാകെ ശ്രദ്ധി​ക്ക​പ്പെ​ട്ടു.
ഗുരു​ദേ​വൻ സശ​രീ​ര​നാ​യി​രിക്കെ മുതൽ അവി​ടുത്തെ അനു​യാ​യി​ക​ളായി ഒത്തു​കൂ​ടി​യ​വർ തന്നെ മതി​യാകും ഗുരു​ദേ​വ​ദർശ​ന​മ​ഹി​മയുടെ സ്വാധീ​നമെത്ര​യെന്നു ബോദ്ധ്യ​മാ​കു​വാൻ.  ഗുരു​ദേ​വ​നൊ​പ്പവും ആ തുടർയാ​ത്ര​യുടെ അന്ത്യ​ഘട്ടം വരെയും, മഹാ​സ​മാ​ധി​ക്കു​ശേ​ഷവും മഹി​ത​മായ ഗുരുദർശനം നെഞ്ചി​ലേ​റ്റി​യ​വരും അതിനു പ്രച​രണം നല്കി​യ​വരും ഒരേ മേഖ​ല​യിൽ നിന്നു ഉള്ള​വ​രാ​യി​രു​ന്നില്ല എന്ന കാര്യം പ്രസ​ക്ത​മാണ്.

ലോക​ത്തെ​മ്പാ​ടു​മുള്ള ഗുരു​ദേ​വ വി​ശ്വാ​സി​കളുടെ ശാന്തി​തേ​ടി​യുള്ള യാത്ര ശിവ​ഗി​രി​യി​ലേ​ക്കാ​ണെന്ന തിരി​ച്ച​റി​വു​ള്ള​പ്പോൾ, ശിവ​ഗി​രി​യു​മായി ബന്ധ​പ്പെട്ടു കാലാ​കാ​ല​ങ്ങ​ളിൽ നിറ​വേ​റ്റേ​ണ്ട​തായ കാര്യ​ങ്ങൾ നിറ​വേ​റ്റാ​തിരി​ക്കു​മ്പോഴും ഭര​ണ​വർഗമോ മറ്റു​ത​ല​ങ്ങളോ അതിനു വൈമുഖ്യം കാട്ടു​മ്പോൾ ഭക്തജന​ങ്ങൾക്ക് പ്രതി​ഷേ​ധവും പ്രതി​ക​ര​ണവുമുണ്ടാ​വുക സ്വാഭാ​വികം മാത്ര​മാ​ണ്. ഇ​ത്തരം തിരി​ച്ച​റിവ് മറ്റാ​രേ​ക്കാളും ശ്രീനാ​രാ​യ​ണ​ഗു​രു​ദേ​വ​വി​ശ്വാ​സി​ക​ളിൽ പ്രക​ട​മാ​കു​ന്നത് അവർ അനു​ഭ​വി​ച്ചു​പോ​ന്നതും നില​വിൽ അനു​ഭ​വി​ച്ചു​വ​രു​ന്ന​തു​മായ അവ​ഗ​ണ​ന​ക​ളുടെ ഭാര​ക്കൂ​ടു​തൽ മൂ​ല​മാ​ണ്.
വാഗ്ദാ​ന​ങ്ങ​ളിൽ തള​ച്ചി​ടാതെ ഉറ​പ്പു​കൾ പാലി​ക്കാനും ശിവ​ഗി​രിയുടെ ആവ​ശ്യ​ങ്ങ​ള​റിഞ്ഞ് സഹാ​യി​ക്കാനും സഹ​ക​രി​ക്കാനും വൈകി​യ​വേ​ള​യി​ലെ​ങ്കിലും സർക്കാർ ഭാഗ​ത്തു​നിന്നും  ജാഗ്ര​ത​കാ​ട്ടു​മെന്നു പ്രതീ​ക്ഷി​ക്കു​ന്നു. കൺവെൻഷൻ സെന്റർ പൂർത്തീ​ക​രണവും മറ്റു അനു​ബന്ധ വിക​സന പ്രവർത്ത​ന​ങ്ങളും ഏറ്റെ​ടു​ക്കു​വാനും സംസ്ഥാ​ന​മെങ്ങും ഗുരു​ദേ​വ​ദർശനം പ്രച​രി​പ്പി​ക്കാനും അതു​വഴി ഗുരു​ദർശ​ന​ത്തി​ല​ധി​ഷ്ഠി​ത​മായ ശാന്ത​സു​ന്ദ​ര​മായ സാമൂ​ഹി​ക​ക്രമം നില​നിർത്താനും എല്ലാ ഭാഗ​ത്തു​നിന്നും നിസ്വാർത്ഥ​മായ ശ്രമം ഉണ്ടാ​കു​മെന്ന ആഗ്ര​ഹവും പ്രതീ​ക്ഷയുമാണ് ശിവ​ഗി​രി​മ​ഠത്തിനും മഠത്തെ  സ്‌നേഹി​ക്കുന്ന ജന​കോ​ടി​കൾക്കുമു​ള്ള​തെന്നും വിനീ​ത​മായി ചൂണ്ടി​ക്കാ​ട്ട​ട്ടെ.


Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *