Nagampdam-Sivagiri KSRTC Volvo Travelogue

nagampadam-sivagiri-ksrtc-ac-busഗുരുനിയോഗം ആവാം മലയാള വർഷം 1103 ൽ(1928) ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർഥാടനത്തിനു അനുമതി നല്കിയ നാഗമ്പടം ക്ഷേത്രത്തിലെ തേന്മാവിൻ ചുവട്ടിൽ നിന്നും ഒരു KSRTC AC ലോ ഫ്ലോർ വോൾവോ ബസ്‌ ശിവഗിരിയിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ അനുമതി ലഭിച്ചു കിട്ടിയത് . കോട്ടയം എസ്. എൻ. ഡി. പി യുണിയൻ ഭാരവാഹികൾ ഗതാഗത മന്ത്രി ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണന് അപേക്ഷ നല്കി 10 ദിവസങ്ങൾക്കുളിൽ തീരുമാനം വന്നു. സാധാരണ ഗതിയിൽ അങ്ങനെ ഒന്ന് സംഭവിക്കാത്തതാണ് , സമരങ്ങളും നിരന്തരമുള്ള ആവശ്യമുന്നയിക്കലും ഒന്നുമില്ലാതെ ലഭിച്ചത് കൊണ്ടാവാം ആകെമൊത്തം എല്ലാ യോഗ പ്രവർത്തകർക്കും ഒരു അത്ഭുതം. ഒരു ദിവസം മുൻപ് KSRTC വർക്സ് മാനേജർ ശ്രീ മനോജ്‌ ബസ്‌ നാഗമ്പടം ക്ഷേത്രത്തിൽ നിന്നും പുറപ്പെടാനുള്ള അനുമതി കിട്ടിയ കാര്യം അറിയിച്ചപോൾ തന്നെ വാർത്ത ലോകമെമ്പാടും ഉള്ള ഗുരുദേവ ഭക്തർക്കിടയിൽ പടർന്നു കഴിഞ്ഞിരുന്നു (ഉപകാര സ്മരണ : Facebook, WhatsApp ) .

24 മണിക്കൂർ സമയം കൊണ്ട് എല്ലാ സജ്ജീകരണങ്ങളും റെഡി. നാഗമ്പടം ക്ഷേത്ര സന്നിധിയിൽ 2015 ജൂണ്‍ 20ന് ബസ്‌ എത്തുമ്പോൾ ക്ഷേത്ര മൈതാനം നിറഞ്ഞു ഗുരുദേവ ഭക്തർ ഉണ്ടായിരുന്നു , യൂത്ത് മൂവ്മെന്റ് പ്രവർത്തകർ ബസ്‌ അലങ്കരിച്ചു കമനീയമാക്കി. ജനപ്രധിനിധികളുടെയും, KSRTC MD യുടെയും, എസ്. എൻ .ഡി.പി യുണിയൻ സെക്രട്ടറി ശ്രീ . ആർ. രാജീവിന്റെയും , വൈസ് പ്രസിഡന്റ്‌ ശ്രീ വി. എം ശശിയുടെയും സാന്നിദ്ധ്യത്തിൽ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ ബസ്‌ ഉദ്ഘാടനം ചെയ്തു, എസ്. എൻ .ഡി.പി യുണിയൻ പ്രസിഡന്റ്‌ ശ്രീ എ .ജി തങ്കപ്പൻ ഫ്ലാഗ് ഓഫ്‌ കർമ്മവും നിർവഹിച്ചു .

രാവിലെ 10.30 നു കന്നിയാത്ര പുറപ്പെടുമ്പോൾ കന്നിയാത്ര 32 സീറ്റുള്ള ബസിൽ നിറയെ യാത്രികർ ഉണ്ടായിരുന്നു. KSRTC യുടെ തുരുമ്പ് വണ്ടികളിൽ കയറി ശീലിച്ച ഞങ്ങൾക്ക് അതൊരു പുതിയ അനുഭവം ആയിരുന്നു. കേന്ദ്ര ഫണ്ടിന്റെ കാരുണ്യം ആണെങ്കിലും ഫണ്ട്‌ ലാപ്സാക്കാതെ നേടിയെടുത്ത KURTC യ്ക്ക് അഭിനന്ദനങ്ങൾ, നടത്തിപ്പ് മാത്രമാണെങ്കിലും KSRTC യ്ക്ക് ആത്മാഭിമാനത്തിന് വകയുണ്ട് . ക്ഷേത്രത്തിൽ നിന്നും ഒരു ഇടവഴി മാത്രമേ ഉള്ളൂ മെയിൻ റോഡിലേക്ക് പ്രവേശിക്കാൻ (നിറയെ ജനവാസം ഉള്ള ഏജീസ് ഓഫീസ് പ്രവർത്തിക്കുന്ന ഈ വഴി പൊട്ടിപൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി, നന്നാക്കി കിട്ടാൻ നിവേദനങ്ങൾ മുറയ്ക്ക് കൊടുക്കുന്നുമുണ്ട്‌ ). ലോ ഫ്ലോർ ബസിന്റെ അടിവശം മുട്ടാതിരിക്കാൻ ക്ഷേത്രം ചെലവിൽ റോഡ്‌ മെറ്റൽ ഇട്ടു ശരിയാക്കിയിരുന്നു.

ബസ്‌ പുറപ്പെട്ടു കോട്ടയം യുണിയന്റെയും, ചങ്ങനാശേരി യുണിയന്റെയും MC റോഡ്‌ വശങ്ങളിൽ ഉള്ള എല്ലാ ശാഖകളുടെയും ഗംഭീര സ്വീകരണങ്ങൾ ഏറ്റുവാങ്ങി. മധുര വിതരണവും വെടിക്കെട്ടും എല്ലാം കൂടെ ഉത്സവ പ്രതീതി. ഓരോ ജങ്ങ്ഷനിലും ആളുകൾ കൌതുകത്തോടെ അലങ്കരിച്ച KSRTC ബസ്‌ വീക്ഷിക്കുന്നു, ചങ്ങനാശേരി യുണിയൻ പ്രസിഡന്റ്‌ ശ്രീ കെ. വി ശശികുമാറിന്റെ നേതൃത്വത്തിൽ ഗംഭീര സ്വീകരണം, മാവേലിക്കരവരെ സ്വീകരണങ്ങലോടെയുള്ള ഒരു ഘോഷയാത്ര തന്നെ ആയിരുന്നു. ബസിൽ കയറിയ മറ്റു യാത്രക്കാർക്കെല്ലം മധുരം വിതരണം ചെയ്യുന്നുണ്ടായിരുന്നു. നാല് മണിയോടെ ശിവഗിരി ആൽമര ചുവട്ടിൽ എത്തുമ്പോൾ സ്വീകരിക്കാൻ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ  എന്നിവർക്കൊപ്പം ശിവഗിരി മഠവുമായി ചേർന്ന് പ്രവർത്തങ്ങൾ നടത്തുന്ന കോട്ടയം സ്വദേശി ശ്രീ ബെൻസാലും ഉണ്ടായിരുന്നു. നിരവധി ചാനലുകളും എത്തിയിരുന്നു.

ഞങ്ങൾ 28 പേർ ഉച്ചഭക്ഷണം കഴിക്കാത്തതിനാൽ ക്ഷീണിച്ചിരുന്നു. ബസ്‌ ലഭിച്ച വിവരവും, തീർഥാടകർ എല്ലാവരും ഉച്ചയ്ക്കത്തെ  ഗുരുപൂജ പ്രസാദം കഴിക്കാൻ ഉണ്ടാവും എന്നും  മഠത്തിൽ നേരത്തെ വിളിച്ചറിയിച്ചിരുന്നു എങ്കിലും, ഏറെ വൈകിയതിനാൽ ഒട്ടും പ്രതീക്ഷ ഉണ്ടായിരുന്നില്ല. സാധാരണ മഠത്തിൽ സമയം കഴിഞ്ഞാൽ ഗുരുപൂജ പ്രസാദം ലഭിക്കില്ല . പക്ഷെ സ്വാമിമാർ എല്ലാവര്ക്കും  ഗുരുപൂജ പ്രസാദം കരുതി വച്ചിട്ടുണ്ടായിരുന്നു എന്നത് ഗുരുദേവ അനുഗ്രഹമായും, ഈ സംരംഭം മഠത്തിനുണ്ടാക്കിയ സന്തോഷവും വ്യക്തമാക്കുന്നു.

സമാധി മണ്ഡപത്തിന്റെ നട വൈകുന്നേരം 4.30നു തന്നെ തുറന്നു. മഹാസമാധിയിൽ എത്തുമ്പോൾ മനസ്സിന് ലഭിക്കുന്ന ശാന്തി പറഞ്ഞറിയിക്കാൻ സാധിക്കില്ല. മണ്ഡപത്തിനുള്ളിൽ നിന്നും ബ്രഹ്മചാരി ചൊല്ലുന്ന പ്രാർഥനകൾ ഗുരുദേവ വിഗ്രഹത്തിൽ തട്ടി ഉള്ളിൽ നിന്നും പ്രതിഫലിച്ചു വന്നു സ്രഷ്ടിക്കുന്ന സംഗീതത്തിന്റെ മായികശക്തി ഒരു സംഗീതഞ്ജനും, സൌണ്ട് എഞ്ചിനീയർക്കും സൃഷ്ടിചെടുക്കാൻ സാധിക്കില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാതുകളിൽ നിന്നും കീർത്തനങ്ങൾ ആത്മാവിലേക്ക് ആഴ്ന്നിറങ്ങി ഭക്തിയുടെ പാരമ്യത്തിൽ എത്തിക്കും. ശിവഗിരി കുന്നിൽ ഗുരുദേവൻ പ്രതിഷ്ഠിച്ച ശാരദവിഗ്രഹത്തിലെ ചൈതന്യം മറ്റ് ഒരിടത്തും എനിക്ക് കാണാൻ സാധിച്ചിട്ടില്ല.

വൈകുന്നേരം 5.30 നു ഞങ്ങൾ തിരികെ യാത്ര ആരംഭിച്ചു. പല STOP ൽ നിന്നും ആളുകൾ കയറുമ്പോൾ കണ്ടക്ടർ ബിനുവിന് വോൾവോ ബസിന്റെ കൂടിയ ചാർജിനെ കുറിച്ച് പറഞ്ഞു മനസ്സിലാക്കേണ്ടി വരുന്നുണ്ടായിരുന്നു. മിനിമം ചാർജ് 18 രൂപയാണ്(സാധാരണ ചാർജിനെക്കാൾ മൂന്നിരട്ടി), കുറച്ചുപേർ ഇതുകേട്ടപ്പോൾ തന്നെ ഇറങ്ങി പോയി, എന്നാൽ ഭൂരിപക്ഷവും യാത്രാസൗകര്യം മാത്രം നോക്കുന്നവരായിരുന്നു. KSRTC ഡിപ്പോകളിൽ കണ്ട ഇത്തരത്തിലുള്ള ബസുകളിൽ നിറയെ ആൾക്കാരുണ്ടായിരുന്നു. ദൂരെയാത്രകളിൽ ഇത്തരം ബസുകൾ അനിവാര്യമാണ് . എന്റെ യാത്രകളിൽ KSRTC നിവൃത്തിയുണ്ടെങ്കിൽ ഒഴിവാക്കുമായിരുന്നു. ഈ തരത്തിൽ ഇവർ ഇത് സംരക്ഷിച്ചു കൊണ്ട് പോയാൽ നല്ല കാര്യം.

തിരികെ കായംകുളത്ത് എത്തിയപ്പോൾ രാവിലെ സ്വീകരണം നല്കാൻ സാധിക്കാതെ പോയ യൂണിയൻ ഭാരവാഹികൾ കാത്തു നില്പുണ്ടായിരുന്നു. എല്ലാവിധ ആശംസകളും നേർന്നു, ബസിനു മുൻപിൽ എല്ലാവരും നിന്ന് അവർ ഒരു സെല്ഫിയുമെടുത്തു. യൂണിയൻ അതിർത്തിവരെ അവർ കാറിൽ എസ്കോർട്ടും തന്നാണ് ഞങ്ങളെ യാത്രയാക്കിയത് . കായംകുളത്ത് അവർ എടുത്ത സെൽഫി കണ്ണൂർ സൈബർ സേന 5 മിനിട്ടിനുള്ളിൽ ഞങ്ങൾക്ക് അയച്ചു തന്നു. KSRTC യുടെ ഈ സംരംഭം യോഗം പ്രവർത്തകർ ഇത്രമാത്രം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നു എന്നത് അദ്ഭുതപെടുത്തി.

ബസ്‌ തിരികെ ചങ്ങനാശ്ശേരിയിൽ എത്തിയപ്പോൾ രാത്രി 9.20. രാത്രി വൈകി ബസിൽ കയറുന്ന യാത്രക്കാരോട്  കണ്ടക്ടർ ബിനു ചാർജിനെ കുറിച്ച്  പറഞ്ഞപ്പോൾ താടിയും മുടിയും ഒക്കെ നീട്ടിവളർത്തി വൃത്തിഹീനനായി ഒരു യാചകവേഷം മാത്രം പിറുപിറുത്തു കൊണ്ട്  ബസിലേക്ക് കയറി, ലോ ഫ്ലോർ ബസിന്റെ ഹൈ ഫ്ലോർ സീറ്റിൽ സ്ഥാനവും പിടിച്ചു. പെട്ടുപോയവന്റെ മുഖഭാവത്തിൽ ബിനു നിൽക്കുമ്പോൾ വണ്ടി സ്റ്റാന്റ് വിട്ടു. പുതിയ സർവീസ് ആയതിനാൽ യാത്രയിൽ ഉടനീളം ഡ്രൈവർക്കും ഒരുപോലെ ടെൻഷൻ ഉണ്ടായിരുന്നു, പോരാത്തതിന്  ഗിയർലെസ്സ്  ലോ ഫ്ലോർ വോൾവോ ബസുകളെ കുറിച്ച്  വേണ്ടത്ര സാങ്കേതിക ജ്ഞാനം KSRTC ഡ്രൈവർമാർക്കില്ല എന്നുള്ള വാർത്തകളും മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നു.  ടിക്കറ്റ്‌ എടുക്കാൻ യാചകവേഷത്തിന്റെ അടുത്തേക്ക് ചെന്ന്  എവിടെക്കാണെന്ന്  ബിനു അങ്കലാപ്പോടെ ചോദിച്ചു, ഞങ്ങൾ വളരെ ആകാംഷയോടെ വീക്ഷിക്കുന്നുമുണ്ട്. കോട്ടയത്തേക്ക്  ആണെന്ന്  പറഞ്ഞു കൊണ്ട് പോക്കറ്റിൽ നിന്നും എടുത്ത ആയിരത്തിന്റെയും, നൂറിന്റെയും നോട്ടുകൾക്കിടയിൽ നിന്നും നിറഞ്ഞ പുച്ഛത്തോടെ ഒരു അൻപത്  രൂപ എടുത്ത്  യാചകവേഷം ബിനുവിന്  കൊടുത്തു ( കോട്ടയം സ്ളാങ്ങിൽ ‘എടുത്ത്  വീശുകയായിരുന്നു’ എന്ന് പറയാം ). ബിനുവിനോപ്പം എല്ലാവരും ശരിക്കും സ്തബ്ധരായി പോയി, യാചകവേഷം  കാലിന്മേൽ കാലും വച്ച്  AC യ്ക്ക് തണുപ്പ് കുറവാണെന്ന് ഡയലൊഗ്  വിട്ടു അവിടെ ഇരുന്നു, എന്തൊക്കെയോ പുലമ്പുന്നുമുണ്ട് .

ഇത് കണ്ടപ്പോൾ അടുത്തിരുന്ന യോഗം ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ പി അനിൽകുമാർ  അദ്ധേഹത്തിന്റെ സ്ഥലത്ത്  ഇതുപോലെ ഉണ്ടായ ഒരു സംഭവം പറഞ്ഞു. അവരുടെ കവലയിലെ ബസ്‌ വെയ്റ്റിങ്ങ് ഷെഡിനു സമീപം സ്ഥിരമായി ഒരു യാചകൻ ഇരിക്കുമായിരുന്നു, രാത്രിയിൽ അയാൾ വെയ്റ്റിങ്ങ് ഷെഡിൽ തന്നെ കിടന്നുറങ്ങും. അവിടെയുള്ള ഒരു ഓട്ടോ റിക്ഷ ഡ്രൈവർ സ്ഥിരമായി യാചകന്  രാവിലെ ഭക്ഷണം വീട്ടിൽ  നിന്നും കൊണ്ടുവന്നു കൊടുക്കും. ഒരു ദിവസം ഈ ഓട്ടോ റിക്ഷ ഡ്രൈവർ വന്നില്ല , അടുത്ത ദിവസം റിക്ഷ ഡ്രൈവർ ഭക്ഷണവുമായി വന്നപ്പോൾ യാചകൻ തലേന്ന്  കാണാതിരുന്നതിന്റെ കാര്യം അന്വേഷിച്ചു. തനിക്കു 25,000 രൂപ ലോണ്‍ ഉണ്ടെന്നും അത്  അടയ്ക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ ബാങ്കിൽ പോയി കാലാവധി നീട്ടി ചോദിക്കാൻ പോയതാണെന്നും ഒക്കെ റിക്ഷ ഡ്രൈവർ പറഞ്ഞു. എങ്കിൽ എന്റെ കൂടെ വരൂ എന്ന് പറഞ്ഞു യാചകൻ റിക്ഷ ഡ്രൈവറെയും കൂട്ടി അടുത്തുള്ള ബാങ്കിലേക്ക് പോയി . ബാങ്കിൽ ചെന്ന യാചകൻ സഞ്ചിയിൽ നിന്നും ഒരു പാസ്‌ ബുക്ക്‌  എടുത്തു തന്റെ അക്കൌണ്ടിൽ നിന്നും  30000 രൂപ എടുത്തു റിക്ഷ ഡ്രൈവർക്ക്  കൊടുത്തു(ഈ സംഭവം  വ്യാഖ്യാനിക്കണം എന്നുണ്ടെങ്കിൽ അത് നിങ്ങളുടെ വിവേചന ബുദ്ധിക്കും, സാമൂഹിക ബോധത്തിനും  വിടുന്നു).

ബസ്‌ നാഗമ്പടം ക്ഷേത്രത്തിൽ തിരികെ എത്തിയപ്പോൾ രാത്രി 9.45. എല്ലാവരും ഗുരുദേവ നിയോഗത്താൽ ലഭിച്ച മനോഹരമായ യാത്രയ്ക്ക് KSRTC യോട് നന്ദി പറഞ്ഞ്‌ ശുഭരാത്രി ആശംസിച്ചു പിരിഞ്ഞു, ഒപ്പം നാഗമ്പടം- ശിവഗിരി ബസ്‌ സർവീസ് എല്ലാ കാലത്തും മുടങ്ങാതെ നടക്കട്ടെ എന്ന പ്രാർത്ഥനയോട് കൂടി .

ഒരു പക്ഷെ ഈ യാത്രാവിവരണം വായിച്ച ചുരുക്കം ചിലർക്ക് തോന്നാം ഇത് കേവലം ഒരു ബസ്‌ സർവീസ് അല്ലേ, മെട്രോ റെയിൽ ഒന്നും അല്ലല്ലോ ഇത്ര കണ്ടു ആഘോഷിക്കാൻ എന്ന് . പക്ഷെ അർഹിക്കുന്ന ആനുകൂല്യങ്ങൾ പോലും നേടിയെടുക്കാൻ മന്ത്രിമന്ദിരങ്ങളിലും, സർക്കാർ ഓഫീസുകളിലും നിവേദനങ്ങളും, അപേക്ഷകളും ആയി പെടാപാട് പെടുന്ന ഈഴവ സമൂഹത്തിന് ഇതൊക്കെ വലിയ കാര്യമായി തീർന്നിരിക്കുന്നു എന്നതാണ് വാസ്തവം .


 NB: ഈ  ബസ് സർവീസ്  ദിവസവും രാവിലെ  7.10ന് നാഗമ്പടം ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് ചങ്ങനാശേരി, തിരുവല്ല,  മാവേലിക്കര, കായംകുളം,  കൊല്ലം, പാരിപ്പള്ളി വഴി  11.15ന് ശിവഗിരിയിൽ  എത്തിച്ചേരും. ഉച്ചക്ക് 1.30 നാണ് മടക്കയാത്ര.    224 രൂപയാണ് ടിക്കറ്റ് ചാർജ്.


Linish T Aakkalam

Linish T Aakkalam

https://www.facebook.com/linish.aakkalam

Leave a Reply

Your email address will not be published. Required fields are marked *