മൂന്നാം രാഷ്ട്രീയ മുന്നണി

രാഷ്ട്രീയ പാർട്ടി രൂപവൽക്കരണത്തിനു മുന്നോടിയായി എസ്.എൻ.ഡി.പി.യോഗത്തിന്റെ നേതൃത്വത്തിൽ വിവിധ ഹിന്ദു സമുദായ നേതാക്കളുടെയും ബുദ്ധിജീവികളുടെയും, സാംസ്കാരിക പ്രവർത്തകരുടെയും യോഗം ഇന്നു ചേർത്തലയിൽ ചേരും.

എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി രൂപവൽക്കരണത്തിനുള്ള ശ്രമങ്ങൾ അണിയറയിൽ ആരംഭിച്ചു. വിവിധ സമുദായ സംഘടനകളുടെ പങ്കാളിത്തത്തോടെയാണു പാർട്ടിയുണ്ടാക്കുക. പുതിയ പാർട്ടിയുടെ നിയമാവലി, ഭരണഘടന, പേര്, പതാക തുടങ്ങിയവ അടക്കമുള്ള ചർച്ചയാണു നടക്കുന്നത്. പാർട്ടിയുടെ ആസ്ഥാനം സംബന്ധിച്ചും ചർച്ച ആരംഭിച്ചിട്ടുണ്ട്. എസ്എൻഡിപിയുടെ നിയമ ഉപദേഷ്ടാവ് എ.എൻ. രാജൻ ബാബുവാണു നിയമപരമായ കാര്യങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. ബിജെപിയുടെ ഉപദേഷ്ടാവ് എസ്. ഗുരുമൂർത്തിയും പാർട്ടി ഭരണഘടന തയാറാക്കുന്നതിൽ സജീവമാണ്.

നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു പാർട്ടിക്കും മുന്നണിക്കും രൂപം നൽകുക എന്ന ലക്ഷ്യത്തിലാണ് എസ്എൻഡിപി യോഗം . എസ്എൻഡിപി യോഗ നേതൃത്വം കൊടുക്കുന്ന മുന്നണിയുടെ പ്രതിനിധികൾ അടുത്ത മന്ത്രിസഭയിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു പ്രവർത്തനങ്ങൾ. തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സമുദായ അംഗങ്ങളെ വിജയിപ്പിച്ചെടുക്കാനാണു യൂണിയനുകൾ വഴി ശാഖകൾക്കു നൽകിയിരിക്കുന്ന നിർദേശം. പൊതുസമ്മതരും വിജയസാധ്യതയുള്ളവരുമായ അംഗങ്ങളുടെ മുൻഗണനാ പട്ടിക തയാറാക്കി അയയ്ക്കാനാണു നിർദേശം.

പട്ടികവിഭാഗ സംവരണ വാർഡുകളിൽ എസ്എൻഡിപി യോഗത്തോട് അഭിമുഖ്യം പുലർത്തുന്ന ഇതര സമുദായ സ്ഥാനാർഥികളുടെ പേരും നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു ഹൈന്ദവ സംഘടനകളുമായി സഖ്യം വരുമ്പോൾ ഇവർക്കു പിന്തുണ നൽകാൻ വേണ്ടിയാണിത്. ‌സ്വതന്ത്ര ചിഹ്നത്തിൽ മാത്രമേ മൽസരിക്കാവൂ എന്നും യോഗം അംഗങ്ങൾക്കു നിർദേശമുണ്ട്.

പാർട്ടിയുണ്ടാക്കുന്നതിനു മുന്നോടിയായി ശാഖകളുടെ ഭാരവാഹി യോഗം ചേർ‌ന്നു പുതിയ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ചു വിശദീകരണം നൽകിത്തുടങ്ങി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരടക്കമുള്ള മുതിർന്ന നേതാക്കളാണു യോഗങ്ങളിൽ പങ്കെടുക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപു 2,000 യോഗങ്ങൾ പൂർത്തിയാക്കാനാണു ലക്ഷ്യം. സംസ്ഥാനത്തെ 90 നിയമസഭാ മണ്ഡലങ്ങളിൽ സ്വാധീന ശക്തിയാകാൻ എസ്എൻഡിപി യോഗം നേതൃത്വം കൊടുക്കുന്ന മുന്നണിക്കു സാധിക്കുമെന്നു യോഗങ്ങളിൽ വിശദീകരിക്കുന്നുണ്ട്.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞുനടക്കുന്നവർ ശ്രീകൃഷ്ണജയന്തി ആഘോഷിക്കാനും ഗുരുദർശനം പറഞ്ഞുനടക്കാനും തുടങ്ങിയതിന് പിന്നിലെ കൗശലം തിരിച്ചറിയണം. വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പിന്നാക്കക്കാർക്ക് വേണ്ടി ഒന്നും ചെയ്യാതെ പള്ളികളിലും അരമനകളിലുംകയറിയിറങ്ങുന്ന ഇടത് വലത് മുന്നണികൾ മതത്തിന്റെ പേരിൽ അവർക്ക് ചെയ്ത് കൊടുത്തത് നാം കണ്ണ് തുറന്ന് കാണണം. പിന്നോക്കമായിരുന്ന മലപ്പുറം ജില്ല ഇന്ന് വിദ്യാഭ്യാസത്തിൽ മുന്നിലാണ്. പക്ഷേ പിന്നോക്ക സമുദായങ്ങൾ എവിടെ നിൽക്കുന്നോ അവിടെ തന്നെ ഇപ്പോഴും. 30 ശതമാനമുളള ഈഴവർക്ക് 27 സ്‌കൂൾ, 17 ശതമാനമുളള ക്രിസ്ത്യാനികൾക്ക് 80 സ്‌കൂൾ, 16 ശതമാനമുളള മുസ്ളീങ്ങൾക്ക് 100 സ്‌കൂൾ ഇടത് വലത് മുന്നണികൾ ഭരിച്ചപ്പോൾ ഇതിന് മാറ്റമില്ല. സംവരണത്തിനായി സി.പി.എം നടത്തുന്ന സമരത്തിൽ പാവങ്ങൾക്കുള്ള സാമ്പത്തിക സംവരണവുമുന്നയിക്കുന്നുണ്ട്. അത് എൻ.എസ് എസിനെ പ്രീണിപ്പിക്കാൻ. അരുവിക്കരയിൽ ഈഴവർ ചതിച്ചുവെന്ന് പറഞ്ഞവർ നായർവിഭാഗം വോട്ട് തന്നുവെന്നും വാദിക്കുന്നു. എന്നിട്ടുമെന്തേ തോറ്റുപോയെന്ന്പറയണം. ഇപ്പോൾ ഗുരുവിനെ സംരക്ഷിക്കാൻ നടക്കുന്നവർ ഗുരുദർശനം പാലിക്കേണ്ടേ, ടി. പി. ചന്ദ്രശേഖരനെ 51 വെട്ട് വെട്ടാൻ ഗുരുദർശനത്തിൽ പറഞ്ഞിട്ടുണ്ടോ- വെളളാപ്പളളി ചോദിച്ചു.

പിന്നാക്ക സ്‌നേഹം പറയുന്ന സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോയിൽ പേരിന് പോലും പിന്നാക്കക്കാരോ, പട്ടികജാതിക്കാരോ ഇല്ല. വി.എസ്. അച്യുതാനന്ദൻ പോലും ഗുരുദർശനം പറഞ്ഞുനടക്കുന്നത് എ.ജെ.ജി ഭവനിലെ സവർണ്ണ ബുദ്ധിജീവികൾ എഴുതികൊടുക്കുന്നത് വായിച്ചിട്ടാണെന്ന് വെളളാപളളി കുറ്റപ്പെടുത്തി. കേരളത്തിലെ പിന്നാക്കക്കാർക്ക് സാമ്പത്തിക ഉന്നമനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് പാക്കേജ് ചോദിക്കാനാണ് പോയത്. ന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ, വ്യവസായ, തൊഴിൽ പാക്കേജ് വേണം. കേരളത്തിലെ ഇടത് വലത് മുന്നണികൾക്ക് താൽപര്യം ന്യൂനപക്ഷ വികസന പാക്കേജുകളാണ്. അവർക്ക് ചോദിക്കാൻ കഴിയാത്തത് ചോദിക്കാനാണ് താൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ കണ്ടതെന്നും അതിനെവിമർശിക്കുന്നവർക്ക് പിന്നാക്ക സ്‌നേഹമല്ല, രാഷ്ട്രീയ താൽപര്യം മാത്രമേയുളളുവെന്നും അദ്ദേഹം പറഞ്ഞു.

എസ്‌.എൻ.ഡി.പി യോഗം – ബിജെപി ബാന്ധവത്തിന്റെ ആനുകൂല്യം തെക്കൻ ജില്ലകളിൽ ഒരളവുവരെ പ്രതിഫലിച്ചേക്കാം. എന്നാൽ വടക്കൻ ജില്ലകളിൽ ഇതു പ്രശ്‌നമാകില്ലെന്നാണ് സിപിഎം കരുതുന്നത്. കേരളത്തിൽ മൂന്നാം മുന്നണിക്ക് പ്രസക്തിയുണ്ടെന്ന് നാടാർ സമുദായ സംഘടനയായ വി.എസ്.ഡി.പി പറഞ്ഞു. ബി.ജെ.പിയോട് വി.എസ്.ഡി.പിക്ക് എതിർപ്പില്ലെന്നും സംഘടനയുടെ പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. ബി.ജെ.പിയുമായുള്ള ചർച്ചകൾക്ക് ശേഷം സംസാരിക്കുകയായിരുന്നു ചന്ദ്രശേഖരൻ. മൂന്നാം മുന്നണിയിൽ എസ്‌.എൻ.ഡി.പി യോഗത്തിനൊപ്പം നില്ക്കുമെന്ന് കെ.പി.എം.എസും (കേരള പുലയർ മഹാസഭ) വ്യക്തമാക്കി . യോഗക്ഷേമ സഭയും എസ്‌.എൻ.ഡി.പി യോഗവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വാർഷിക യോഗത്തിൽ പ്രസ്താവിച്ചിരുന്നു .

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

1 Response

  1. Mohanbabu says:

    This is only an arangettam.may it grow like a vadavriksham.

Leave a Reply

Your email address will not be published. Required fields are marked *