എസ് . എൻ . ഡി. പി യോഗം രാഷ്ട്രീയശക്തിയാകുമ്പോൾ ..

വളരെ കാലങ്ങളായി യോഗം നേതാക്കളും, പ്രവർത്തകരും കൂട്ടിയും കിഴിച്ചും, വാദങ്ങളും പ്രതിവാദങ്ങളും നടത്തിയ ഒരു വിഷയമാണ് എസ്. എൻ. ഡി. പി യോഗത്തിന്റെ രാഷ്ട്രീയ പ്രവേശം. വിഷയത്തിൽ ഒരുപാട് പ്രതിഷേധ സ്വരങ്ങൾ കാലങ്ങളായി ഉണ്ട്. അതിൽ പ്രധാനം യോഗഅംഗങ്ങൾ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റ്‌ കൂറ് പുലർത്തുന്നു എന്നതാണ്, അതുകൊണ്ട് തന്നെ യോഗത്തിന്റെ രാഷ്ട്രീയ പ്രവേശനതീരുമാനം യോഗത്തെ തന്നെ ബാധിക്കും എന്നുള്ള ചിന്ത ഈ കാലം വരെ ഉണ്ടായിരുന്നു.

എന്നാൽ കേരളത്തിന്റെ മണ്ണിൽ ഈഴവന്റെ ഹൃദയത്തിൽ നിന്നും കമ്മ്യൂണിസത്തിന്റെ വേര് പറിക്കാൻ പോന്ന പ്രവർത്തനങ്ങളും, ആക്ഷേപങ്ങളും പാർട്ടിയുടെ ഭാഗത്ത്‌ നിന്നും തന്നെ ഉണ്ടായത് എസ് . എൻ . ഡി. പി യോഗത്തിനു രാഷ്ട്രീയ പ്രവേശനത്തിന് കാലങ്ങളായി കാത്തിരുന്നു കിട്ടിയ ഏറ്റവും അനുയോജ്യമായ സാഹചര്യം ആണ്.  എന്നാൽ ഇത് മറ്റു രാഷ്ട്രീയ വിശ്വാസങ്ങൾ ഉള്ള യോഗം അംഗങ്ങൾ എങ്ങനെ സ്വീകരിക്കും എന്നുള്ളതും വിഷയമാണ് . കോണ്‍ഗ്രസിൽ അത് ന്യുനപക്ഷം ആണ് എന്നുള്ളതും, അതിൽ ആടിയാടി നില്ക്കുന്ന അസംതൃപ്ത വിഭാഗം ആണ് കൂടുതലും എന്നുള്ളതും എസ് . എൻ . ഡി. പി യോഗത്തിന് മുതൽകൂട്ടാണ്.

gurudeva-crusification-at-pathanamthittaഎന്നാൽ, ഒരു സുപ്രഭാതത്തിൽ ഡി.വൈ.എഫ്.ഐ യിൽ നിന്നും കൂടുവിട്ടു ചെങ്കൊടി വലിച്ചെറിഞ്ഞ് തിരിച്ചുപോയ ചേകവകുട്ടികൾ 75 ശതമാനവും വീണ്ടും ഇറങ്ങിയത് രാഖിയും കെട്ടി, കാവി കൊടി ഏന്തി ആണ് എന്നുള്ളത് ബി.ജെ.പി യ്ക്ക് ഈ വിഷയത്തിൽ മേൽക്കോയ്മ നല്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ യോഗത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിൽ കൂടുതൽ യുവാക്കളെ തിരിച്ചുകോണ്ടുവരേണ്ടത് ആർ. എസ്.എസ്സിന്റെ തട്ടകത്തിൽ നിന്നാണ്. ഈ കാലമത്രെയും ഡി.വൈ.എഫ് .ഐ യിൽ നിന്നും വിഭിന്നമായി, ആർ. എസ്. എസ്സിൽ പ്രവർത്തിക്കുന്ന ചേകവകുട്ടികൾ എസ്. എൻ. ഡി. പി യൂത്ത് മൂവ്മെന്റിൽ പ്രവർത്തിക്കുന്നതിനു യാതൊരു മാർഗ്ഗ തടസ്സവും, അല്ലെങ്കിൽ താത്വികമായ ഒരു എതിർപ്പും ആർ. എസ്. എസ് നേതൃത്വം പ്രത്യക്ഷത്തിൽ പ്രകടിപ്പിച്ചിരുന്നില്ല.

എന്നാൽ യോഗഅംഗങ്ങൾക്ക് സ്വന്തം നിലയിൽ ഒരു രാഷ്ട്രീയ വിശ്വാസം ഉടലെടുത്താൽ അത് ആർ. എസ്. എസ്സിനും അത്ര സുഖകരമാവില്ല എന്നുള്ളത് എസ്. എൻ. ഡി. പി യോഗത്തിന്റെ രാഷ്ട്രീയത്തെ തോൽപ്പിക്കുവാനുള്ള ശ്രമങ്ങളിലേക്ക് അവരെ നയിക്കും. ചിലപ്പോൾ പൊതുശത്രുവിനെതിരെ ശത്രുക്കൾ തമ്മിൽ ഒന്നിച്ചുള്ള പോരാട്ടങ്ങളും കാണാൻ സാധിച്ചേക്കും. ഇതിനു പുറമേ എസ്. എൻ. ഡി. പി യോഗം ഒരു സാമുദായിക ശക്തിക്കപ്പുറം വളരുന്നത് ബാക്കിയുള്ള സമുദായങ്ങളും ഭീതിയോടെയാണ് വീക്ഷിക്കുന്നത് .

യോഗം രാഷ്ട്രീയ ശക്തിയാകുമ്പോൾ അഭിമുഖീകരിക്കേണ്ട മറ്റൊരു പ്രധാന പ്രശ്നം യോഗത്തിനുള്ളിൽ തന്നെ ആണ്. യോഗം, ശാഖ, യുണിയൻ ഭാരവാഹികളും, യോഗത്തിന്റെ രാഷ്ട്രീയ ഭാരവാഹികളും തമ്മിൽ വളരെ നല്ല ഒരു ബന്ധം തുടക്കം മുതൽ സൂക്ഷിക്കേണ്ടതാണ്. അതിർത്തി വരമ്പുകൾ പരസ്പരം ലംഘിക്കാത്ത ഒരു സംഘടനാ ചട്ടക്കൂട് സൃഷ്ടിച്ചെടുക്കുക ഭാരിച്ച കർത്തവ്യം ആണ്. ഉദാഹരണമായി ബി.ജെ.പി യും, ആർ.എസ് .എസ്സും, സംഘപരിവാറും തമ്മിലുള്ള സംഘടനാ വിഷയങ്ങൾ നാം ഒരുപാട് തവണ കണ്ടതാണ്. മുസ്ലിം ലീഗിന്റെ കെട്ടുറപ്പും, ഒപ്പം അതിന്റെ ഉള്ളിലെ പ്രശ്നങ്ങളും ഒരു പരിധി വരെ മാതൃകയാണ്. ഇതിന്റെ ഒക്കെ ചെറു പതിപ്പുകൾ ഇവിടെയും പ്രതീക്ഷിക്കാം. ട്രേഡ് യുണിയനും, എംപ്ലോയീസ് ഫോറവും ഒക്കെ ആയി ഒരുപാട് മുൻ അനുഭവങ്ങൾ യോഗത്തിനുണ്ട് താനും. അതുകൊണ്ട് തന്നെ അത്തരം വിഷയങ്ങൾ ഗഹനമായി പഠിച്ചു യോഗത്തിന്റെ ഇപ്പോഴുള്ള കെട്ടുറപ്പിന് യാതൊരു കോട്ടവും ഇപ്പോഴോ, ഭാവിയിലോ ഉണ്ടാവാതെയുള്ള രാഷ്ട്രീയ പ്രവേശനം യോഗനേതൃത്വത്തിന്‌ കടുത്ത വെല്ലുവിളി ആയിരിക്കും.

gurudeva-crusification-at-malanaadവിജയത്തെക്കാളുപരി ഇതിന്റെ പരാജയ സാദ്ധ്യതകൾ നന്നായി പഠിക്കേണ്ടതായിട്ടും ഉണ്ട്, അല്ലെങ്കിൽ ഇത്രയും കാലം ഉണ്ടാക്കിയെടുത്ത പലതും ചീട്ടു കൊട്ടാരം പോലെ തകർന്നു വീഴും. വന്നവർ വന്നതിനേക്കാൾ വേഗത്തിൽ പോവുകയും ചെയ്യും. യോഗത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയപരമായി അങ്ങനെയൊരു അവസ്ഥ ഇനി താങ്ങാൻ പറ്റില്ല, അത് സംഘടനാ സംവിധാനം താളം തെറ്റിക്കുന്നതോടൊപ്പം മുൻപ് പലതവണ കേട്ട് പഴകിയ പഴി പോലെ ഈഴവ സമൂഹത്തിനു  വീണ്ടും  ഒരുമയില്ലായ്മയുടെ പേരിൽ സകല നീതി നിഷേധങ്ങൾക്കും വഴിയൊരുക്കുകയും ചെയ്യും.

ഈഴവ സമൂഹം ഭൂരിപക്ഷവും ഇപ്പോൾ യോഗത്തിന്റെ രാഷ്ട്രീയ ശക്തിക്ക് കരുത്ത് പകരാൻ സന്നദ്ധരായിരിക്കുയാണ്. അത്തരത്തിൽ ഒരു അവസ്ഥയിലേക്ക് രാഷ്ട്രീയ കക്ഷികളും, മറ്റു സംഘടനകളും ഈഴവ ജനവിഭാഗത്തെ കൊണ്ടെത്തിച്ചു എന്ന് വേണം കരുതാൻ.

ഒളിഞ്ഞാണെങ്കിലും, തെളിഞ്ഞാണെങ്കിലും രാഷ്ട്രീയ പ്രവേശനം ഉണ്ടായാൽ ഈഴവ ജനത ഒന്നാകെ ഈ വിഷയത്തിൽ വളരെ ജാഗ്രത പുലർത്തി ആട്ടിൻതോലണിഞ്ഞവരെ തിരിച്ചറിഞ്ഞ് നയങ്ങൾ രൂപീകരിക്കേണ്ടാതാണ്. രാഷ്ട്രീയ ഐക്യത്തിൽ നാം ഇനിയും പിന്നോട്ട് പോകുന്നത് ആത്മഹത്യാപരം ആണ് എന്ന്  തിരിച്ചറിഞ്ഞ്  ഒന്നിച്ചു മുന്നേറണ്ടതാണ് .

::::: ജയ് എസ് . എൻ. ഡി. പി യോഗം ::::

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *