കരുമാടി ശാഖയും കോടതി നിരീക്ഷണവും- Sajeev Krishnan

ഗുരുദേവനെ അവഹേളിച്ചുകൊണ്ട് കേരള ഹൈക്കോടതി ജഡ്ജി ചിദംബരേഷ് മോശം പരാമർശം നടത്തിയതിന്റെ കാരണങ്ങൾ അന്വേഷിച്ചുള്ള യാത്ര നാം തുടങ്ങുകയാണ്. ഈ പരാമർശത്തിനു കാരണമായത് കുട്ടനാട് എസ്. എൻ.ഡി.പി യൂണിയനിൽപ്പെട്ട കരുമാടി ശാഖയുടെ പേരിൽ ഹൈക്കോടതിയിൽ ചെന്ന ഒരു ഹർജിയാണ്. കുട്ടനാട് യൂണിയൻ പ്രസിഡന്റ് മധുസാർ മുഖേനയാണ് ഞാൻ കരുമാടി ശാഖാ പ്രസിഡന്റ് ഗോപാലകൃഷ്ണൻ ചേട്ടനെ ബന്ധപ്പെട്ടത്. അദ്ദേഹം ഒരു എക്സ് സർവീസുകാരനാണ്. ഒന്നരവർഷമുമ്പാണ് ശാഖാഭാരവാഹിത്വം ഏറ്റെടുത്തത്. എസ്. എൻ.ഡി.പി ശാഖായോഗങ്ങളിൽ ചിലയിടങ്ങളിലെങ്കിലും അറിവില്ലായ്മമൂലം നടക്കുന്ന ഗുരുവിരുദ്ധമായ സംഘടനാപ്രവർത്തനത്തിന്റെ ദുരന്തഫലമാണ് ഇപ്പോൾ ലക്ഷക്കണക്കിന് ഗുരുഭക്തരെ കണ്ണീരിലാഴ്ത്തിയ കോടതി പരാമർശത്തിനുപിന്നിൽ എന്ന് അദ്ദേഹം പറഞ്ഞ അനുഭവകഥയിൽ നിന്ന് വ്യക്തമായി. പലരിൽനിന്നും പാസ്ബുക്ക് വച്ച് പണം നിക്ഷേപമായി വാങ്ങും. എന്നിട്ട് അത് പലിശയ്ക്ക് കൊടുത്ത് ശാഖയ്ക്ക് വരുമാനമുണ്ടാക്കും. അങ്ങനെയാണ് ഗുരുമന്ദിരവും ഓഡിറ്റോറിയവുമൊക്കെ പണിയുന്നത്. അതുതന്നെയാണ് കരുമാടിയിലും സംഭവിച്ചത്. പലിശയ്ക്ക് പണം കൊടുക്കൽ, മദ്യം വില്ക്കൽ ഇതൊക്കെ ഗുരുവിന് വിരുദ്ധമായ കാര്യങ്ങളാണെന്നുപറഞ്ഞാൽ ആരുകേൾക്കാൻ. അങ്ങനെ പറയുന്നവരെ ഓടിച്ചിട്ടടിക്കാനാണ് സമുദായവികാരം ഇളക്കുന്നത്. നല്ല കാര്യങ്ങൾക്ക് ഈ വികാരം ഇളകുകയുമില്ല. കരുമാടി ശാഖയ്ക്ക് ഗുരുമന്ദിരവും ഓഡിറ്റോറിയവും ഒക്കെ ഉണ്ടായി. പക്ഷേ, പണംകൊണ്ടുള്ള കളിയല്ലേ അത് പൊളിഞ്ഞു. പണം കടംവാങ്ങിയ പലരും തിരിച്ചു കൊടുത്തില്ല. ഡെപ്പോസിറ്റ് ചെയ്തവർ പലിശസഹിതം നിക്ഷേപം തിരിച്ചു ചോദിച്ചു. കൊടുക്കാനാവാതെ കമ്മറ്റി ബുദ്ധിമുട്ടി ശാഖാസെക്രട്ടറി ആത്മഹത്യ ചെയ്തു. പ്രസിഡന്റിന് നാടുവിടേണ്ടിവന്നു. നിത്യവും ആരാധന നടത്തിയിരുന്ന ഗുരുമന്ദിരത്തെ തിരിഞ്ഞുനോക്കാൻ ആളില്ലാതായി. കാടുപിടിച്ച് ശാഖാവസ്തുക്കൾ കിടന്നു. ഗുരുവിന്റെ സ്വത്തായതിനാൽ പണമടച്ചപലരും വഴക്കുണ്ടാക്കാൻ നിന്നില്ല. പക്ഷേ, അതിൽ ഒരു സ്ത്രീ മാത്രം പണം ചോദിച്ച് ആലപ്പുഴ സബ്കോടതിയിൽ പോയി. നാലുലക്ഷം രൂപയാണ് അവർ നിക്ഷേപിച്ചിരുന്നത്. ശാഖാകമ്മറ്റിയിൽ പ്രസിഡന്റും സെക്രട്ടറിയും ഇല്ലാതായതോടെ കോടതിയിൽ കൗണ്ടർ ചെയ്യാൻ ആളില്ലാതായി. പുതിയ കമ്മറ്റിയുണ്ടാക്കാൻ യൂണിയൻ ശ്രമിച്ചെങ്കിലും കേസും പുലിവാലും ഭയന്ന് ആരും മുന്നോട്ടുവന്നില്ല. അങ്ങനെ സബ് കോടതിയിൽ കേസ് അവർ ജയിച്ചു. നാല് സെന്റ് സ്ഥലം അറ്റാച്ച് ചെയ്ത് പരാതിക്കാരിക്ക് കൊടുക്കാനായിരുന്നു വിധി. അതനുസരിച്ച് കോടതി നിരീക്ഷണത്തിൽ സർവേയറെ കൊണ്ടുവന്ന് അളപ്പിച്ചു. അവർക്ക് അളന്നുവന്ന നാലുസെന്റ് എന്നു പറയുന്നതിൽ ഗുരുമന്ദിരത്തിന്റെ പകുതിഭാഗം പെട്ടു. അതോടെ അവർ പേടിച്ചുപോയി. തനിക്ക് ഈ സ്ഥലം വേണ്ട എന്നുപറഞ്ഞ് ആ സ്ത്രീ മടങ്ങി. പക്ഷേ, അവരുടെ മരുമകൻ വിട്ടില്ല. അയാൾ അതേറ്റെടുക്കാൻ ശ്രമിച്ചു. ആ സമയം ഭക്തർ ഇടപെട്ടു. വഴക്കായി. അപ്പോഴാണ് പട്ടാളത്തിൽനിന്ന് വിരമിച്ച ഗോപാലകൃഷ്ണൻ ചേട്ടനും സുഹൃത്തുക്കളും രംഗത്തുവന്നത്. ഗുരുമന്ദിര സംരക്ഷണസമിതി ഉണ്ടാക്കി അവർ. കാടുവെട്ടിത്തെളിച്ച് ഭഗവാന് വിളക്കുവച്ചു. നിത്യവും ഭജനതുടങ്ങി. ആ സമയം യൂണിയൻ പൊതുയോഗം വിളിച്ചു. സംരക്ഷണസമിതിയുടെ നേതാക്കളെ ശാഖാനേതാക്കളായി ജനം തിരഞ്ഞെടുത്തു. അവർ ഹർജിയുമായി ഹൈക്കോടതിയിലെത്തി. ഒരു കമ്മിഷനെവച്ച് പരിശോധിപ്പിക്കാൻപോലും ശ്രമിക്കാതെ മൂന്നു ജഡ്ജിമാർ അടങ്ങുന്ന ബഞ്ച് കേസെടുത്ത് മറുഭാഗത്തിന് അനുകൂലമായി വിധി നൽകിക്കൊണ്ടാണ് ഗുരുവിനെ പരിഹസിച്ചത്. ഇപ്പോൾ എന്തുചെയ്യണമെന്നറിയാതെ അമ്പരന്നുനില്ക്കുകയാണ് അവർ. ഞാൻ അവരെ സമാധാനിപ്പിച്ചു. എന്നിട്ട് ഒരു കാര്യം തുറന്നു പറഞ്ഞു. എസ്. എൻ.ഡി. പിയോഗം എന്നത് ദൈവം തിരികൊളുത്തിയ ലോകത്തെ ആദ്യത്തെ പ്രസ്ഥാനമാണ്. അതിൽ ഒരു ശാഖാംഗമായി പ്രവർത്തിക്കാനെങ്കിലും അവസരം ലഭിച്ചാൽ അത് ദൈവം നൽകിയ അവസരമായി കാണണം. ദൈവത്തിന്റെ പ്രസ്ഥാനം നയിക്കുമ്പോൾ ഉള്ളിൽ ദൈവികവിചാരം വേണം. ഗുരുവിന് നിരക്കാത്തത് ഒന്നും ചെയ്യരുത്. നിങ്ങളുടെ മുൻകമ്മറ്റി ചെയ്ത പാപം അവർക്ക് തിരിച്ചടിയായി. ദുർമരണം നടന്നു. നാടുവിട്ടു ഒരാൾ. മാത്രമോ ഗുരുഭക്തിയിൽ നിറഞ്ഞിരിക്കുന്ന ജനകോടികൾ പൊതു സമൂഹത്തിൽ നാണംകെട്ടു. നിങ്ങൾ ചെയ്യുന്ന ചെറിയതെറ്റുപോലും വലിയ പ്രത്യാഘാതമുണ്ടാക്കും ഈ ലോകത്ത്. നമ്മുടെ ദൈവമാണ് നമ്മുടെ പ്രവർത്തിദോഷംമൂലം അപമാനിക്കപ്പെട്ടത്. ഇന്ന് പൊതുസമൂഹത്തിൽ ഗുരുദേവൻ അവഹേളിക്കപ്പെടുന്നുണ്ടെങ്കിൽ അത് ഇത്തരം അല്പബുദ്ധിക്കാരും വീണ്ടുവിചാരമില്ലാത്തവരും അറിവുകേടുകൾ അഹങ്കാരമാക്കി കൊണ്ടുനടക്കുന്നതിനാലാണ്. അടുത്തകാലത്ത് എറണാകുളം ജില്ലയിൽ നിന്ന് കേട്ടത് ശാഖയ്ക്ക് പണമുണ്ടാക്കാൻ ക്രിസ്മസിന് പന്നിയെവെട്ടിവിറ്റുവെന്നാണ്. ഏത് കസേരയിലാണ് കയറിയിരിക്കുന്നതെന്ന് അറിയാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രശസ്തരായ അച്ഛന്മാരുടെ മക്കൾ വഴിയിലിറങ്ങുമ്പോൾ വളരെ സൂക്ഷിക്കണം. കാരണം അവരുടെ നിസാരതെറ്റുപോലും അവരുടെ പിതാവിനെ അവഹേളിക്കാൻ സമൂഹം ഉയർത്തിക്കാട്ടും. അതുപോലെയാണ് ഗുരുപ്രസ്ഥാനങ്ങളുടെ കാര്യവും. നാം എന്തുചെയ്യുമ്പോഴും ഗുരു അപമാനിക്കപ്പെടരുത് എന്ന ജാഗ്രത ഉണ്ടാവണം. ചെയ്തുപോയ തെറ്റുകൾ ആവർത്തിക്കില്ലെന്നു പറഞ്ഞ് നിങ്ങൾ ഇന്നു മുതൽ പ്രാർത്ഥിച്ചു തുടങ്ങണം. ബാക്കി എല്ലാം ഭഗവാൻ ശരിയാക്കിത്തരും. ഇനി കേസുമായി കോടതിയിൽ പോകരുത്. ആ സ്ത്രീയെയും മരുമകനെയും കണ്ട് നാല് ലക്ഷം തിരിച്ചു കൊടുക്കാം എന്നു സമ്മതിപ്പിച്ച് ഗുരുവിനുവേണ്ടി അപേക്ഷിക്കണം. അങ്ങനെ കേസ് കോടതിക്കുപുറത്ത് സെറ്റിൽ ചെയ്യണം. സെറ്റിൽ ചെയ്യിക്കാൻ നാല് ലക്ഷം കൊടുക്കാമെന്നു പറഞ്ഞിട്ട് അവർ സമ്മതിക്കുന്നില്ലത്രേ. അവർക്ക് കോടതിച്ചെലവും പലിശയും കൂടി കിട്ടണം. അതാണ് പ്രയാസം. അതിന് നേതാക്കളെ ഇടപെടുത്തണം. നിങ്ങൾ യോഗനേതൃത്വത്തെക്കണ്ട് കാര്യങ്ങൾ പറയണം. തീർച്ചയായും അവർ സാധിച്ചു തരും എന്നും നാം അവരെ സമാധാനിപ്പിച്ചിട്ടുണ്ട്. ഇതൊരു പാഠമായി എടുക്കണം മറ്റ് ഭാരവാഹികളും. ഇതുപോലെ എന്തെങ്കിലും തരികിടകൾ അറിവില്ലായ്മകൊണ്ട് ചെയ്യുന്നുണ്ടെങ്കിൽ നിറുത്തിയിട്ട് ഭഗവാനോട് മാപ്പുപറയണം. അല്ലെങ്കിൽ ഇതുപോലെ പിടിച്ചൊരു കുലുക്കൽ കുലുക്കും. ഭഗവാൻ ഒരുപാട് ക്ഷമിക്കും. ഗതികെട്ടാൽ ഇതുപോലെ പ്രതികരിക്കും. ഒരു അപമാനവും ഭഗവാനെ ബാധിക്കില്ല. കാരണം അവിടുന്ന് അപമാനിക്കുന്നവരുടെയും നാഥനാണ്. പക്ഷേ, സമൂഹവും സംഘടനയും അങ്ങനെയല്ല. സാധാരണ മനുഷ്യരാണ്. അപമാനം ഏല്ക്കുമ്പോൾ നോവും. അഭിമാനികളായവർ ഗുരുമന്ദിരങ്ങളുമായും സംഘടനയുമായും ബന്ധം വിഛേദിക്കും. ഇതൊക്കെ തിരുത്താൻ നമുക്കുമുന്നിൽ ഭഗവാൻ നൽകിയ അവസാന അവസരമാണിത്. കേസിന്റെ വിവരങ്ങൾ വാങ്ങാൻ കരുമാടി ശാഖ കോടതിയിൽ അപേക്ഷ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ കേസുമായല്ല ഞങ്ങൾ കോടതിയിൽ പോകുന്നത്. അതിവിടെ സെറ്റിൽചെയ്തേ മതിയാകൂ. നിങ്ങൾക്ക് പറ്റിയ അബദ്ധംമൂലം ഗുരുഭക്തർക്കും ഗുരുക്ഷേത്രങ്ങൾക്കും ഉണ്ടായ ക്ഷീണം തീർക്കാനാണ് ഞങ്ങൾ ഒത്തൊരുമിച്ച് ശ്രമിക്കുന്നതെന്നും ബോധിപ്പിച്ചിട്ടുണ്ട്. പാവം ഗോപാലകൃഷ്ണൻ ചേട്ടൻ. മുമ്പുള്ളവർ ചെയ്ത ഒരു തെറ്റും കരുമാടി ശാഖയിൽ ഇനി ആവർത്തിക്കില്ലെന്നും ഗുരുമന്ദിരം ശുദ്ധിയോടെ കൊണ്ടുപോകുമെന്നും അദ്ദേഹം വാക്കുതന്നിട്ടുണ്ട്.

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *