തൃപ്പാദങ്ങളുടെ പളനി സന്ദർശനം

guru-at-palaniതൃപ്പാദങ്ങൾക്ക് തമിഴ്നാട്ടിൽ പരിചയമില്ലാത്ത ഏതെങ്കിലും പ്രദേശങ്ങളോ ഗുരു സന്ദർശിക്കാത്ത ദേവാലയങ്ങളോ ഉണ്ടെന്നു തോന്നുന്നില്ല. അത്ര പരിചിതമായിരുന്നു  ഗുരുവിന് തമിഴ്നാട്. സ്വാമിയുടെ സഞ്ചാര വിവരങ്ങൾ ശ്രദ്ധാപൂർവ്വം പ്രസിദ്ധപ്പെടുത്തിയിരുന്ന പത്രമാണ് ‘മിതവാദി’ സ്വാമിയെ സംബന്ധിക്കുന്ന സുപ്രധാന വിവരങ്ങൾ ഒന്നുപോലും ചോർന്നു പോകരുതെന്ന് അതിന്റെ പത്രാധിപർ സി. കൃഷ്ണന് നിർബന്ധം തന്നെയുണ്ടായിരുന്നു. സ്വാമിയുടെ ധർമ്മ ചര്യകളെക്കുറിച്ചു പഠിക്കുന്നവർ ഒരിക്കലും ‘ മിതവാദി’യെ മറന്നു കൂടാ. ജീവചരിത്രകാരന്മാർ ശ്രദ്ധിക്കാതെ പോയ ഒരുപാട് വിലപ്പെട്ട വിവരങ്ങൾ മിതവാദിയിലുണ്ട്. 1915 മേയ് മാസത്തിൽ തൃപ്പാദങ്ങൾ പളനിയും അവിടത്തെ ദേവാലയവും സന്ദർശിക്കുകയുണ്ടായി.തൽ സംബന്ധമായ വിവരങ്ങൾ 1915 ജുൺ ലക്കം മിതവാദി സാര സംഗ്രഹപൂർവം റിപ്പോർട്ട് ചെയ്തിരിക്കുന്നു:

“ഇക്കഴിഞ്ഞ മേടം ആദ്യത്തിൽ ശ്രീനാരായണ ഗുരുസ്വാമികൾ പളനിക്ഷേത്രത്തിൽ പോവുകയുണ്ടായി. ഒന്നിച്ച് ചൈതന്യ സ്വാമി മുതലായ ശിഷ്യന്മാരും ഉണ്ടായിരുന്നു. പളനിയിൽ എത്തി അടിവാരത്തെ മീനാക്ഷി അമ്മാൾ മണ്ഡ്പത്തിൽ ഇരുന്നു. ഉടനെ പളനി ക്ഷേത്രത്തിലെ പണ്ടാരങ്ങളിൽ പ്രധാനിയായ കൃഷ്ണസ്വാമി പണ്ടാരം വന്നു ക്ഷണിച്ച് സ്വാമിയെ കുളിപ്പിച്ച് ഭക്ഷണാദികൾ എല്ലാം കൊടുത്ത് മലയുടെ തെക്കുഭാഗം പുതുതായി ദേവസ്യത്തിൽ നിന്ന് എകദേശം എഴായിരം ഉറുപ്പിക ചെലവു ചെയ്ത് ഉണ്ടാക്കിയ കൽപ്പടവിൽ കൂടി മലമുകളിൽ കൊണ്ടുപോയി ക്ഷേത്രത്തിന്റെ വടക്കുഭാഗം കാള വാഹന പ്രതിഷ്ഠാ മണ്ഡപത്തിൽ ഇരുത്തി .അവിടെ വച്ചു ക്ഷേത്ര കമ്മറ്റിക്കാരും പ്രസിഡന്റും കൂടി സ്വാമിയെ വന്ന് കണ്ട് പഞ്ചാമൃതം മുതലായ പദാർത്ഥങ്ങൾ നൽകി സൽക്കരിച്ചു.കമ്മറ്റിക്കാരും മറ്റുമായി ഏകദേശം ഒരു മണിക്കൂർ നേരം സംസാരിച്ചിരുന്നു.അതിനു ശേഷം ദീപാരാധനയ്ക്ക് ക്ഷേത്രത്തിനകത്തു കൊണ്ടുപോയി.
അന്ന് ഒരു വിശേഷ ദിവസമായിരുന്നു. പളനിയിൽ ശരവണ പൊയ്ക എന്ന വളരെ മോശസ്ഥിതിയിൽ കിടന്നിരുന്നു ഒരു ജലാശയത്തെ ചട്ടി സ്വാമി എന്നു പേരായ പ്രസിദ്ധൻ എകദേശം പതിനായിരം ഉറുപ്പിക ചെലവു ചെയ്ത് കരിങ്കല്ലു കെട്ടിച്ചു നന്നാക്കിയതിന്റെ കുംഭാഭിഷേക ദിവസമായിരുന്നു.അതുകൊണ്ട് ജനബാഹുല്യം എത്രയെന്നാന്നും പറഞ്ഞറിയിക്കാൻ പ്രയാസം. കാവടി അഭിഷേകങ്ങളും അനവധി ഉണ്ടായിരുന്നു.എന്നാൽ ക്ഷേത്ര കമ്മറ്റിക്കാർ ജനങ്ങളെ ഒഴിപ്പിച്ചു നിർത്തി സ്വാമി തൃപ്പാദങ്ങളെ സുബ്രഹ്മണ്യസന്നിധിയിൽ കൊണ്ടുപോയി നിറുത്തി ദീപാരാധന കാണിച്ചു. ഉടന്നെ അവർ സുബ്രഹ്മണ്യബിംബത്തിന്മേൽ ചാർത്തിയിരുന്ന മാലകളെല്ലാം എടുത്ത് സ്വാമിയുടെ കഴുത്തിൽ ഇട്ടു.ശരീരത്തിൽ കളഭം തേച്ച് സ്വാമിയുടെ പേരിൽ അവർ പുഷ്പാഞ്ജലികഴിപ്പിച്ചു.സുബ്രഹ്മണ്യസ്വാമിയുടെ ബിംബം അലങ്കരിച്ചു നിർത്തിയിരുന്നതിനാൽ അതൊന്നും കൂടാതെ ശിലാരൂപം കണ്ടാൽ കൊള്ളാമെന്ന് സ്വാമി അവശ്യപ്പെടുകയും, അതു പ്രകാരം സകല അലങ്കാരങ്ങളും എടുത്ത് കാണിച്ചു കൊടുക്കുകയും ചെയ്തു. സ്വാമി ബിംബത്തെ ഏകദേശം അര മണിക്കുർ നേരം സൂക്ഷിച്ചു നോക്കി നിന്നു. പിന്നെ സ്വാമിയും കമ്മിറ്റിക്കാരും കൂടി ക്ഷേത്രത്തിന്റെ പ്രദക്ഷിണമായി ഭോഗരുടെ സമാധി സ്ഥലത്തു വന്നു.അവിടെ നടക്കുന്ന  കർമ്മങ്ങളെയും മറ്റും പറ്റി കമ്മിറ്റിക്കാരോടു ചോദിച്ചതിൽ മദ്യം, മാംസം മുതലായവ വെച്ച് പൂജയുണ്ടെന്നു പറഞ്ഞപ്പോൾ, ഈയിടെ സമാധിയായ ശങ്കരാചര്യർ സ്വാമികൾ അവിടെ എഴുന്നള്ളിയിരുന്ന സമയം ഈ സാമ്പ്രദായത്തെയും നടപടിയെയും പറ്റി ആക്ഷേപിക്കാത്തതിനെക്കുറിച്ച് ആക്ഷേപമായി സ്വാമി സംസാരിച്ചു.
ക്ഷേത്രത്തിനടുത്ത സ്ഥലത്തു തുപ്പുക, മൂക്കുപിഴിഞ്ഞിടുക മുതലായ ശുചികേടായ പ്രവൃത്തികളെപ്പറ്റിയും സ്വാമികൾ ഈ അവസരത്തിൽ കമ്മറ്റിക്കാരോട് സൂചിപ്പിക്കാതിരുന്നില്ല.
പലമാതിരിക്കാരായ അനവധി ജനം വന്നുചേരുന്നതാകകൊണ്ട് അതെല്ലാം വേണ്ട വിധം മുടക്കുവാൻ സാധിക്കുന്നില്ലെന്ന് അവർ മറുപടി പറഞ്ഞു. ഒരു സംസ്കൃത സ്കൂൾ സ്ഥാപിക്കുന്നതിനെപ്പറ്റി കുറെ സംസാരിച്ചു. സ്വാമികൾ അവിടെ ആറു മാസം ഇരുന്നാൽ അങ്ങനെ ഒരു വിദ്യാലയത്തിനു വേണ്ടുന്ന പണം പിരിക്കാമെന്നാകുന്നു അവരുടെ വിശ്വാസം എന്നും കമ്മറ്റിക്കാർ സ്വാമിയെ കേൾപ്പിച്ചു. ഇങ്ങനെ പല സംഗതികളെക്കുറിച്ച് സംസാരിച്ചുകൊണ്ട് പന്ത്രണ്ടു മണി വരെ മണ്ഡപത്തിൽ തന്നെയിരുന്നു.അതിനു ശേഷം വടക്കുഭാഗത്തു കൂടി മലയുടെ അടിവാരത്തെത്തി സ്വാമിയുടെ ആവശ്യത്തിനു പ്രത്യേകമായി ഒഴിപ്പിച്ചിരുന്ന മoത്തിൽ വന്നു താമസിച്ചു.പിറ്റേ ദിവസം രാവിലെ രണ്ടു നാഴിക വടക്ക് തിരുവടിയാം കോവിൽ സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട പ്രകാരം അവിടെ പോയി.അവിടെ സ്വയംഭൂവാണ്. ക്ഷേത്രമില്ലായിരുന്നു. ഇപ്പോൾ നാൽപതിനായിരത്തോളം രൂപ ചെലവു ചെയ്ത് നല്ല സ്വാമി തേവർ എന്നയാളുടെ ഉത്സാഹത്തിൽ വലിയ ക്ഷേത്രം തീർത്തിരിക്കുന്നു. അതിൽ കുംഭാഭിഷേക അടിയന്തിരം ഈ മിഥുനമാസത്തിൽ ഘോഷമായി നടത്തുന്ന അവസരത്തിൽ സ്വാമിയും വന്നു ചേരണമെന്ന് ക്ഷണിക്കുകയും സ്വാമി അപ്രകാരം സമ്മതിക്കുകയും ചെയ്തു.
മടങ്ങി വന്നതിനു ശേഷം പളനി ക്ഷേത്രത്തിൽ ഒരു പൂജകാരനായ മൂത്ത ഗുരുക്കൾ എന്ന ബ്രാഹ്മണന്റെ മoത്തിൽ ക്ഷണിച്ചു കൊണ്ടുപോയി സൽക്കാരങ്ങൾ ഉണ്ടായിരുന്നു. സ്വാമി ചെല്ലുന്ന സന്തോഷം കൊണ്ട് അദ്ദേഹത്തിന്റെ മഠം വളരെ കെങ്കേമമായി അലങ്കരിച്ചിരുന്നു. ഒരു കട്ടിലിന്മേൽ കമ്പിളികളെല്ലാം വിരിച്ച് അതിന്റെ മീതേ മാന്തോൽ ഇട്ട് സ്വാമിയെ ഇരുത്തി പാദപൂജ ചെയ്ത ശേഷം പലവിധ സൽക്കാരങ്ങളും ആദരപൂർവ്വം ചെയ്തു. അന്നു പകൽ മുഴുവനും അവിടെ തന്നെ സ്വാമി വിശ്രമിച്ചു.രാത്രി ഡിണ്ടിഗല്ലിലേയ്ക്കു പോയി.

Praveen Kumar

Praveen Kumar

https://www.facebook.com/praveenchirakkuzhiyil

Leave a Reply

Your email address will not be published. Required fields are marked *