സ്ത്രീ ശാക്തീകരണം ശ്രീ നാരായണനിലൂടെ

സ്ത്രീ സമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍കും , വിപ്ലവങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കം ഉണ്ട് . സ്ത്രീ വെറും ഒരു ഭോഗവസ്തു എന്നനിലയില്‍നിന്ന്‍ സമൂഹത്തില്‍ പുരുഷനൊപ്പം നില്‍ക്കുന്ന ഘടകം എന്ന നിലയിലേക്ക്  ഇന്നുയര്‍ന്നു കഴിഞ്ഞിരിക്കുന്നു . സ്ത്രീ സ്വാതന്ത്ര്യത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി നിരവധിയായ സംഘടനകളും , നിയമങ്ങളും ഇന്ന് നിലനില്‍ക്കുന്നു . സമൂഹത്തില്‍ സ്ത്രീ സമത്വം ഉറപ്പാക്കുന്നതിനായി ത്രിതല പഞ്ചായത്ത് ഭരണ സംവിധാനത്തില്‍ വനിതകള്‍ക്ക് അമ്പതു ശതമാനം സംവരണം കേരളസര്‍ക്കാര്‍ നടപ്പിലാക്കിയതും അതിന്‍പ്രകാരം വീടിന്‍റെ ഇരുണ്ട ചുവരുകള്‍ക്കുള്ളില്‍നിന്ന് അധികാരത്തിന്‍റെ സുവര്‍ണ്ണശോഭയിലേക്ക് സ്ത്രീകള്‍ എത്തിപ്പെടുന്നതും നാം കണ്ടു കഴിഞ്ഞു . സ്ത്രീകള്‍ക്ക് നേരെയുള്ള ഗാര്‍ഹികപീഡനങ്ങള്‍ തടയുന്നതിനായുള്ള നിയമം ഭാരതസര്‍ക്കാര്‍ നടപ്പിലാക്കി കഴിഞ്ഞു . അങ്ങിനെ എല്ലാതലത്തിലും സമൂഹത്തില്‍ തുല്യശക്തിയായി നില്‍ക്കുന്ന സ്ത്രീയെയാണ് ഇന്ന് നമുക്ക് കാണുവാന്‍ കഴിയുക . അവര്‍ക്ക് പ്രചോദനമേകികൊണ്ട് ഭരണസംവിധാനവും , നിരവധിയായ സംഘടനകളും . ഇതൊക്കെ തന്നെയുണ്ടെങ്കിലും ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ എങ്കിലും സ്ത്രീകള്‍ക്ക് സാമൂഹിക അസമത്വങ്ങളെ നേരിടേണ്ടിവരുന്നു എന്ന ദു:ഖ സത്യവും വിസ്മരിക്കുന്നില്ല .

 
സ്ത്രീ സമത്വം ഇന്ന് ഈ തലത്തില്‍ എത്തി നില്‍ക്കുന്നതിനുപന്നില്‍ ഒരുപാട് മഹത് വ്യക്തികളുടെ ത്യാഗപൂര്‍ണ്ണമായ പരിശ്രമവും , നിര്‍ലോഭ പിന്തുണയും ഉണ്ട് എന്നതാണ് വാസ്തവം . സ്ത്രീ സമത്വവും , വിദ്യാഭ്യാസവും ഒരു പ്രഖ്യാപിത അജണ്ടയായി ഐക്യരാഷ്ട്രസഭ പോലും സ്വീകരിക്കുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ്  തന്നെ സ്ത്രീ സമത്വത്തിനും സ്ത്രീ സമൂഹത്തിന്റെ നാനാമുഖ പുരോഗതിക്കും വേണ്ടി യത്നിച്ച മഹാപുരുഷനാണ് ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ .
ജാതിമത വര്‍ണ്ണവ്യത്യാസങ്ങള്‍ തിമിര്‍ത്താടിയ 18 , 19 നൂറ്റാണ്ടുകളില്‍ ,സമൂഹത്തില്‍ യാതനാപൂര്‍ണ്ണമായ ജീവിതമാണ് സ്ത്രീകള്‍ക്ക്‌ അനുഭവിക്കേണ്ടിവന്നത് . സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ അവര്‍ണ്ണയെന്നോ , സവര്‍ണ്ണയെന്നോ ഭേദം ഉണ്ടായിരുന്നില്ല . എല്ലാവിധ അവകാശങ്ങളുടെയും സര്‍വ്വാധികാരികള്‍ എന്ന് സ്വയംപ്രഖ്യാപനം നടത്തി സമൂഹത്തെ അടക്കിവാണിരുന്ന സവര്‍ണ്ണമേധാവിത്വം സ്ത്രീയെ ഒരു ഭോഗവസ്തു എന്നതിനപ്പുറം യാതൊരുവിധ പരിഗണനയും നല്‍കിയിരുന്നില്ല . പുരുഷനെ യഥാവിധി പരിചരിക്കുന്നതിനും , അവന്‍റെ കാമ പൂര്‍ത്തീകരണത്തിനുള്ള വസ്തു എന്നതിനപ്പുറമുള്ള ഒരു ജീവിതവും ലോകവും സവര്‍ണ്ണ സമൂഹത്തില്‍ അവള്‍ക്കു പ്രപ്യമായിരുന്നില്ല . ബഹുഭാര്യാത്വം അന്തസ്സായി കണ്ടിരുന്ന ബ്രാഹ്മണന്‍ നാടുനീളെ സംബന്ധം ചെയ്ത്  വീടും കുടുംബവും മറന്നു ജീവിച്ചപ്പോള്‍ നിശബ്ദയായി കണ്ടുനില്‍ക്കാനെ അവള്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ . മറിച്ച് സ്ത്രീയാണ് ഇത്തരം ബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ ( സംശയത്തിന്‍റെ പേരില്‍പോലും ) ക്രൂരമായ ശാരീരികവും , മാനസികവുമായ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവരുമായിരുന്നു . സ്മാര്‍ത്തവിചാരം നടത്തി പടിയടച്ച് പിണ്ഡം വയ്ക്കപ്പെടുന്ന സ്ത്രീകള്‍ അടിമച്ചന്തകളില്‍ വില്‍ക്കപ്പെടുകയോ , വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയോ ചെയ്യുമായിരുന്നു  എന്നുകൂടി അറിയുമ്പോഴേ ചിത്രം പൂര്‍ത്തിയാകൂ . ആ കാലഘട്ടത്തില്‍ നായര്‍ സമുദായത്തില്‍പെട്ട സ്ത്രീകളുടെ ആഡ്യത്വം അവര്‍ക്ക് എത്ര പുരുഷന്മാര്‍ സംബന്ധക്കരായി ഉണ്ടായിരുന്നു എന്നതിനെ അടിസ്ഥാനമാക്കി ആയിരുന്നുവെന്ന് ചരിത്രം പറയുന്നു .സമൂഹത്തിലെ സുന്ദരിയാ സ്ത്രീകളെ ‘ദേവദാസി ‘ ആയി വാഴിക്കുന്ന സമ്പ്രദായവും അന്നുണ്ടായിരുന്നു . സുന്ദരിയായ സ്ത്രീകളെ ഭോഗിക്കുവാനുള്ള ബ്രാഹ്മണന്റെ ഒരു കുടിലതന്ത്രമായി മാത്രമേ ഈ അനചാരത്തെ കാണാന്‍ സാധിക്കൂ .ഇതിലും വിചിത്രമായ ഒരു ആചാരമായിരുന്നു മണ്ണാന്‍ പേടി , പുലപേടി  തുടങ്ങിയവ . സവര്‍ണ്ണസ്ത്രീകള്‍ രാത്രികാലങ്ങളില്‍ താഴ്ന്ന ജാതിയില്‍പെട്ട പുരുഷന്‍റെ ദൃഷ്ടിയില്‍ പെട്ടാല്‍ അവള്‍ അവന്‍റെ കൂടെ കഴിയണം എന്നതായിരുന്നു നിയമം .  സ്ത്രീയുടെ അഭിപ്രായങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വിലകല്‍പ്പിക്കാത്ത പുരുഷമേധാവിത്തത്വിന്‍റെ ഉരുക്കുമുഷ്ടിയില്‍ അമര്‍ന്നുപോയ ജീവിതമായിരുന്നു സ്ത്രീയുടേത് . ഈ അസമത്വങ്ങളായിരുന്നു വി ടി ഭാട്ടതിരിപ്പാടിനെയും , ലളിതാംബിക അന്തര്‍ജ്ജനത്തെയും പോലുള്ള ഉന്നത വ്യതിത്വങ്ങളെ സ്വന്തം സമുദായത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ പ്രേരിപ്പിച്ചതും .
 
മേല്‍വിവരിച്ചതിലും  എത്രയോ ദയനീയമായിരുന്നു അവര്‍ണ്ണ സ്ത്രീകളുടെ അവസ്ഥ .  അഭിപ്രയാസ്വാന്തന്ത്ര്യവും അറിവും മാത്രമല്ല നഗ്നത മറയ്ക്കുവാനുള്ള അവകാശം പോലും അവര്‍ണ്ണ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നില്ല . പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ അവളുടെ അവയവങ്ങള്‍ക്ക് കരം കൊടുക്കേണ്ടിവരുന്ന അവസ്ഥ നമുക്ക് ചിന്തിക്കാനെങ്കിലും കഴിയുമോ ? അവര്‍ണ്ണ സ്ത്രീ മേലാള പുരുഷനെകണ്ടാല്‍ മേല്‍മുണ്ടുമാറ്റി ബഹുമാനം പ്രകടിപ്പിക്കണമെന്നതായിരുന്നു അലിഖിത നിയമം .അടിയാള സ്ത്രീയുടെ നഗ്നത ആസ്വദിക്കാന്‍ കണ്ടെത്തിയ മറ്റൊരു തന്ത്രം . അവര്‍ണ്ണന്‍ അവന്‍റെ അദ്ധ്വാനത്തിന്‍റെ ഫലം മാത്രമല്ല അവന്‍റെ വിവാഹം കഴിച്ചുകൊണ്ടുവരുന്ന സ്ത്രീയെപ്പോലും മേലാളന് കാഴ്ച വയ്ക്കണമെന്നായിരുന്നു നിയമം . സന്ത്വം ഭാര്യയെ കാഴ്ചവയ്ക്കെണ്ടിവരുന്ന പുരുഷന്‍റെ നിസ്സഹായാവസ്ഥയെക്കാള്‍ എത്രയോ ദയനീയമാണ് അതിന് വിധേയയാകേണ്ടി വരുന്ന സ്ത്രീയുടെ ദു:രവസ്ഥ .
 
അറിവുനെടുവാനുള്ള അവകാശം സവര്‍ണ്ണ അവര്‍ണ്ണ ഭേദമില്ലാതെ സ്ത്രീയ്ക്ക് നിഷിദ്ധമായിരുന്നു . സ്ത്രീയുടെ വിദ്യാഭ്യാസം തെറ്റായ ഒന്നായിട്ടാണ് പുരുഷ മേധാവിത്വം കണ്ടിരുന്നത് . ഇതുമാത്രമല്ല സ്ത്രീയുമായി ബന്ധപ്പെട്ടു നിരവധിയായ ആചാരങ്ങള്‍ അക്കാലത്ത് നിലനിന്നിരുന്നു . ശൈശവവിവാഹവും , സതീസബ്രദായവും ഇവയില്‍ പ്രധാനപ്പെട്ടവ തന്നെ . ഇതിനുപുറമേ കുടുംബത്തിന് ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന നിരവധി ചടങ്ങുകള്‍ സ്ത്രീയുമായി ബന്ധപ്പെട്ട്  നിലനിന്നിരുന്നു . കേട്ടുകല്യാണം , തിരണ്ടുകല്യാനം , പുടകൊടകല്യാണം , പുളികുടി കല്യാണം തുടങ്ങിയവ .
 
ഈവിധം എല്ലാതലത്തിലും സ്ത്രീ സമൂഹം അടിച്ചമര്‍ത്തപ്പെട്ടിരുന്ന കാലത്താണ് മനുഷ്യമോചന മന്ത്രവുമായി ഭഗവാന്‍ ശ്രീനാരായണന്‍ ഭൂമിയില്‍ അവതാരമെടുക്കുന്നത് . അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലുംപെട്ട്  അന്ധത ബാധിച്ച സമൂഹത്തെ കൈപിടിച്ചുയര്‍ത്തണമെങ്കില്‍ ഭൂരിപക്ഷം വരുന്ന സ്ത്രീ സമൂഹത്തിന്‍റെ ഉയര്‍ത്തെഴുനേല്പ്പ് അവശ്യം തന്നെയെന്ന് മനസ്സിലാക്കിയ ഗുരു , അവളുടെ മോചനം കേവലം പുരുഷനില്‍ നിന്ന് ഉള്ള വിമോചനം  മാത്രമല്ല മറിച്ച് ജീവിതത്തിന്‍റെ നാനാ തുറകളിലും അവളെ സ്വയംപര്യാപ്തയാക്കുന്ന വിധം അവളില്‍ അറിവും ആത്മബോധവും വളര്‍ത്തിയെടുക്കയാണെന്ന് ഉറപ്പിച്ച് പ്രവര്‍ത്തിച്ചു . ഇപ്രകാരം അവളെ ഉണര്‍ത്തണമെങ്കില്‍ അത് വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് ഉറച്ചുവിശ്വസിച്ച ഗുരുദേവന്‍ സ്ത്രീകളുടെ വിദ്യാഭ്യാസം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി .
 
1912  ല്‍ ചെറായിയില്‍ നടന്ന ഒരു യോഗത്തില്‍ വച്ച് ഗുരു ഇപ്രകാരം സമൂഹത്തെ ഉപദേശിച്ചു  ” സമൂഹത്തില്‍ പുരുഷനുമാത്രമല്ല സ്ത്രീകള്‍ക്കും വിദ്യാഭ്യസം  ഉണ്ടായിരിക്കണം . ഇത്തരം കാര്യങ്ങളില്‍ അവരെ പിറകോട്ട് തള്ളിവിടരുത് ” . ഇങ്ങനെ ഉപദേശിക്കുക മാത്രമല്ല ഗുരുചെയ്തത് നാടൊട്ടുക്ക് ആരാധനാലയങ്ങളും അവയോടനുബന്ധിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തുടക്കമിട്ടു . സ്ത്രീകള്‍ക്കായി പ്രത്യേകം പാഠശാലകള്‍ തുറക്കുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു . ആശ്രമം എന്ന കവിതയില്‍ ഈ ലക്ഷ്യങ്ങള്‍ ഗുരു വളരെ വ്യക്തമായി പറയുന്നുണ്ട് .  ആലുവാ അദ്വൈതാശ്രമാത്തിന്‍റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ വിശദീകരിക്കുന്ന പത്രകുറിപ്പില്‍ ഗുരുദേവന്‍ ഇപ്രകാരം പറയുന്നു ” ഈ ആശ്രമാത്തോടനുബന്ധിച്ച് പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം താമസിച്ചു പഠിക്കുന്നതിനായി കന്യാമഠം പോലെ ഒരു ധര്‍മ്മപാലന മഠവും അനാഥാലയവും ഉണ്ടാകണം . ധര്‍മ്മപാലന മഠത്തിന്‍റെ ധര്‍മ്മം പെണ്‍കുട്ടികള്‍ക്ക് അവശ്യം ഉണ്ടായിരിക്കേണ്ട സ്വഭാവ ഗുണം , ആചാരം , ഭാഷജ്ഞാനം , ശിശുസംരക്ഷണം , ഗൃഹഭരണം , രോഗശുശ്രൂഷ , തുന്നല്‍പ്പണി ആദിയായ സ്ത്രീകള്‍ക്ക് കൈത്തൊഴിലുകള്‍ അഭ്യസിപ്പിച്ച് അവരെ ഗൃഹലക്ഷ്മികളുടെയും , ബ്രഹ്മചാരികളുടെയും മാതൃകകളാക്കി തീര്‍ക്കുകയാകുന്നു ” സ്ത്രീയെ കേവലം അടുക്കളയില്‍ ഒതുക്കാതെ ജീവിതത്തിന്‍റെ നാനാതുറകളില്‍ അവരെ പ്രാപതയാക്കുക എന്ന മഹത്തായ സന്ദേശമായിരുന്നു ഗുരുവിന്‍റെത് .
 
സ്ത്രീകള്‍ക്കായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങിയ ഗുരു അവരുടെ ഉന്നത വിദ്യാഭ്യാസ വേളയില്‍ താമസിച്ചുപഠിക്കുന്നതിനാവശ്യമായ  വനിതാസദനങ്ങളും നിര്‍മ്മിച്ചുകൊടുത്തു . ൧൯൨൪ ല്‍ ഗുരു തന്‍റെ ഭക്തയായ ഒരു സ്ത്രീയുടെ സഹായത്തോടെ തിരുവനന്തപുരത്ത് പെണ്‍കുട്ടികള്‍ക്കായി തുടങ്ങിയ ” ശ്രീ നാരായണ വിദ്യാര്‍ഥി സദനം ” ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന വനിതാസദനമാണ് . ഇതിന്‍റെ ചുവടുപിടിച്ച് ഏറണാകുളത്ത് ‘എസ എന്‍ വി സദനം ‘. ഇവയെല്ലാം സ്ത്രീവിമോചനത്തിനായി ഗുരു നടത്തിയ നിശബ്ദ വിപ്ലവങ്ങള്‍ തന്നെ .
 
പുരുഷനൊപ്പം വിദ്യാഭ്യസം സ്ത്രീക്ക് പ്രാപതമാക്കിയതിനുശേഷം സാമൂഹികദുരാചാരങ്ങളില്‍നിന്ന് അവരെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഗുരു നടത്തിയത് . കുടുംബത്തിന് സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന   കേട്ടുകല്യാണം , തിരണ്ടുകല്യാനം , പുടകൊടകല്യാണം , പുളികുടി കല്യാണം തുടങ്ങിയ ആചാരങ്ങളെ നഖശിഖാന്തം എതിര്‍ത്ത ശ്രീ നാരായണന്‍ ഇവ ഒഴിവാക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുകയും , നിര്‍ബന്ധപൂര്‍വ്വം ഉപദേശിച്ചു നിര്‍ത്തലാക്കുകയും ചെയ്തു.
വിവാഹത്തിന് സ്ത്രീയുടെ അഭിപ്രായത്തിനും പ്രാധാന്യമുണ്ടെന്ന് പറഞ്ഞ ഗുരു വിവാഹ സമ്പ്രദായത്തെ അപ്പാടെ പരിഷ്കരിച്ചു. വരനുവേണ്ടി സഹോദരി പുടവകൊടുക്കുന്ന രീതിയില്‍നിന്ന്‍ ബഹുജന സമക്ഷം താലി കെട്ടുന്ന വ്യവസ്ഥിതിയിലേക്ക് വിവാഹത്തെ പരിഷ്കരിച്ചു ഗുരുദേവന്‍ . വിവാഹത്തിനുമുമ്പ് സ്ത്രീയും പുരുഷനും കാണണമെന്നും പരസ്പരം സംസാരിച്ചു മനസ്സിലാക്കണമെന്നും ശ്രീനാരായണ ധര്‍മ്മത്തില്‍ ഗുരു അരുളുന്നുണ്ട് .സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് സന്താനങ്ങളെ വില്‍ക്കുകയും വാങ്ങുകയുംചെയ്യുന്നതുപോലെ ഹീനമാണെന്ന് അരുളിയ ഗുരു  സ്ത്രീധന സമ്പ്രദായവും, ശൈശവവിവാഹവും നിര്‍ത്തലാകണമെന്ന് പറയുകയും അതിന്‍റെ ദൂഷ്യവശങ്ങള്‍ സാധാരണക്കാരനെ പറഞ്ഞുമനസ്സിലാക്കുകയും ചെയ്തു . ബഹുഭാര്യാത്വമാണ് കുടുംബത്തിന്‍റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രധാന വിഷയമെന്ന് മനസ്സിലാക്കിയ ഗുരു ബഹുഭാര്യത്വം കര്‍ശനമായി നിയന്ത്രിച്ചു. ഇങ്ങനെ ഒക്കെ പറയുക മാത്രമല്ല ഗുരു ചെയ്തത് ,ആ മഹാത്മാവ്‌ ജനങ്ങളുടെ ഇടയില്‍ സഞ്ചരിച്ച് അനാചാരങ്ങളെ അകറ്റി നിര്‍ത്താന്‍ അവരെ ഉപദേശിച്ചു.
 
ശ്രീനാരായണന്‍ തുടങ്ങിവച്ച ആചാര പരിഷ്കാരങ്ങള്‍ സ്ത്രീകളില്‍ ആത്മവിശ്വാസം വളര്‍ത്തി . വീടാം കൂട്ടിലെ തത്തകള്‍ എന്ന നിലയില്‍  നിന്ന് സ്ത്രീകള്‍ കൂടുതല്‍ സുരക്ഷയും വീടിന്‍റെ നാഥ എന്ന പദവിയുടെ അലങ്കാരവും ആയിത്തീര്‍ന്നു. ഒരു സ്ത്രീ എപ്രകാരം കുടുംബത്തിന്‍റെ ഐശ്വര്യം ആകണമെന്ന് അവളെ ബോധ്യപ്പെടുത്താന്‍ ‘ ഭാര്യധര്‍മ്മം ‘ എന്നാ മഹത്തായ സൃഷ്ടി സ്ത്രീ സമൂഹത്തിന് സമര്‍പ്പിച്ചു ശ്രീ നാരായണ ഗുരു .
 
ഇപ്രകാരം കേരള സമൂഹത്തിലെ സമസ്തമേഖലകളിലും പുരുഷനൊപ്പം എത്തിച്ചേരുവാന്‍ സ്ത്രീയെ പ്രാപ്തയാക്കിയത്തില്‍ ശ്രീ നാരായണന്‍റെ പങ്ക് വളരെ വലുതാണ്‌ . ഗുരുവിന്‍റെ ഈ ആചാര പരിഷ്കാരങ്ങള്‍ തന്നെയാണ് മന്നത്ത് പദ്മനാഭനെയും, വി ടി ഭട്ടതിരിപ്പാടിനെയും , അയ്യന്‍കാളിയെയും , പണ്ഡിറ്റ്‌ കറുപ്പനെയും മുന്നോട്ട് നയിച്ചത് . കേരള സമൂഹത്തില്‍  ശാസ്ത്ര ,സാങ്കേതിക, വ്യവസായ , വിദ്യാഭ്യാസ മേഖലകളില്‍ സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റം ഗുരുദേവന്‍ തുടങ്ങിവച്ച വിപ്ലവത്തിന്‍റെ തുടര്‍ച്ച മാത്രം …
 
ബിനു കേശവന്‍

 

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *